ഗാർഹിക തൊഴിൽ നിയമത്തിൽ ജി.സി.സി രാജ്യങ്ങൾ തമ്മിൽ ഏകീകരണത്തിനു വഴിയൊരുങ്ങുന്നു
കുവൈത്ത് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്
ഗാർഹിക തൊഴിൽ നിയമത്തിൽ ജി.സി.സി രാജ്യങ്ങൾ തമ്മിൽ ഏകീകരണത്തിനു വഴിയൊരുങ്ങുന്നു. കുവൈത്ത് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. തൊഴിൽ നിയമത്തിനു പുറമെ റിക്രൂട്ട്മെൻറ് ഫീസ്, മിനിമം വേതനം എന്നിവയും ഏകീകരിക്കുമെന്നു മന്ത്രി പറഞ്ഞു .
ഗാർഹിക മേഖലയിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുക എന്നത് കഴിഞ്ഞ ദിവസം കുവൈത്തിൽ സമാപിച്ച ജി.സി.സി തൊഴിൽ മന്ത്രിതല യോഗത്തിൽ പ്രധാനനിർദേശമായി ഉയർന്നു വന്നതായി കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിനുള്ള ഫീസ്, ചുരുങ്ങിയ വേതനം എന്നിവയിലും ഏകീകരണം സാധ്യമാക്കാനാണ് പദ്ധതി.
ഇതിനായി ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ കുവൈത്ത്, സൗദി, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങൾ തമ്മിൽ പൊതുനയം രൂപപ്പെടുത്തും. കഴിഞ്ഞ ഏപ്രിലിൽ ഇൗജിപ്തിലെ കെയ്റോയിൽ നടന്ന 45ാമത് ലേബർ കോൺഫറൻസിന്‍റെ അനുബന്ധമായി ചേർന്ന യോഗത്തിൽ ഏകീകൃത ഗാർഹിക നിയമം സംബന്ധിച്ച് പ്രാഥമിക ധാരണ ഉണ്ടാക്കിയിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രീതിയിലാവും നിർദ്ദിഷ്ട നിയമം.
18 വയസ്സിൽ താഴെയുള്ളവരെ ജോലിക്ക് വെക്കാൻ അനുവദിക്കില്ലെന്നും തുടർച്ചയായി എട്ടുമണിക്കൂർ ഉൾപ്പെടെ ദിവസത്തിൽ 12 മണിക്കൂർ വിശ്രമം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങൾ ജി.സി.സി രാജ്യങ്ങളിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയിട്ടുണ്ട്. ഇത് മൂലം കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. സ്‌പോൺസർഷിപ്പ് സംപ്രദായം അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കിയ അവമതിപ്പ് കൂടി കണക്കിലെടുത്താണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിർമാണം നടത്താനുമുള്ള പുതിയ നീക്കം.