ജന്മനാട്ടിലെ പോരാട്ടത്തിന് കടലിനക്കരെ നിന്ന് പന്തുണ; ഐക്യദാര്‍ഢ്യവുമായി യു.എ.ഇ ദ്വീപ് നിവാസികള്‍
ലക്ഷദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്‍റെ സഹോദരിയായ റംല, ഭർത്താവ് കുഞ്ഞി സീതി ഉൾപെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു
ജന്മനാടിന് കടലിനക്കരെ നിന്ന് പിന്തുണയുമായി യു.എ.ഇയിലെ ലക്ഷദ്വീപുകാർ. നാട്ടിൽ നടന്ന 12 മണിക്കൂർ നിരാഹാര സമരത്തിന് പിന്തുണയർപ്പിച്ച് യുഎഇയിലെ ദ്വീപുകാരും നിരാഹാരം അനുഷ്‍ഠിച്ചു. വീടുകളിൽ പ്ലക്കാർഡുയർത്തിയും സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തുമാണ് അവർ പിന്തുണ അറിയിച്ചത്. സേവ് ലക്ഷദ്വീപ് എന്ന പ്ലക്കാർഡുയർത്തിയായിരുന്നു യു.എ.ഇ താമസ കേന്ദ്രങ്ങളിൽ ദ്വീപുകാരുടെ പ്രതിഷേധം.
യു.എ.ഇയിൽ ഇരുപത്തിയഞ്ചോളം ലക്ഷദ്വീപ് നിവാസികളാണുള്ളത്. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിലായി താമസിക്കുന്ന ദ്വീപുകാർ സേവ് ലക്ഷദ്വീപ് ഫോറം എന്ന ബാനറിലാണ് അണിനിരന്നത്. ലക്ഷദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്‍റെ സഹോദരിയായ റംല, ഭർത്താവ് കുഞ്ഞി സീതി ഉൾപെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ജനിച്ച നാടിനായി പോരടിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്ന് ആന്ത്രോത്ത് ദ്വീപിലെ ഗരീബ് നവാസ് പറഞ്ഞു. കരിനിയമത്തിനെതിരെ നാടിനും നാട്ടുകാർക്കുമൊപ്പം നിൽക്കുന്നതായി അബൂദബിയിൽ താമസിക്കുന്ന അഗത്തി ദ്വീപുകാരി ഷെഹിദയും മക്കളും പറഞ്ഞു. കേരള ജനതയുടെ പിന്തുണക്ക് യു.എ.ഇയിലെ ദ്വീപ് നിവാസികൾ നന്ദി അറിയിച്ചു.