Editor - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
അബൂദബിയിൽ ഗ്രീൻപാസ് പ്രോട്ടോക്കോൾ നടപ്പായതിന് പിന്നാലെ യു എ ഇയിൽ അൽഹൊസൻ ആപ്പ് പണിമുടക്കി. ആപ്പിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് യു എ ഇ ദേശീയ ദുരന്തനിവാരണ സമിതി സ്ഥിരീകരിച്ചു. ഇത് പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ, ആപ്പിൽ പച്ചനിറം കാണിക്കാൻ കഴിയാത്തതിനാൽ പലർക്കും മാളുകളിലും മറ്റും പ്രവേശനം ലഭിക്കുന്നില്ല.
ഈമാസം 15 മുതലാണ് അബൂദബിയിൽ ഗ്രീൻപാസ് പ്രോട്ടോകോൾ നിലവിൽ വന്നത്. സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ പച്ചനിറം കാണിക്കണം. എന്നാൽ, ഇന്ന് രാവിലെ മുതൽ പലർക്കും ആപ്പ് പ്രവർത്തിപ്പിക്കാനാവുന്നില്ല. ചിലർക്ക് തുറക്കാനേ കഴിയുന്നില്ല. മറ്റുചിലർക്ക് തിരിച്ചറിയൽ വിവരങ്ങൾ നൽകിയാൽ ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല എന്നാണ് പരാതികൾ. ആപ്പിൽ സാങ്കേതിക തകരാറുകളുണ്ടെന്ന് യു എ ഇയുടെ ദേശീയ ദുരന്തനിവാരണ സമിതി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സമിതി ട്വിറ്ററിൽ അറിയിച്ചു. രാജ്യനിവസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ അധികൃതർ ഖേദം അറിയിച്ചു. ആപ്പ് പ്രവർത്തിക്കാത്തിനാൽ അബൂദബിയിൽ പലർക്കും സൂപ്പർമാർക്കറ്റിലും മാളിലനും പ്രവേശനം നൽകുന്നില്ല. ജിമ്മുകൾ, ബീച്ചുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം ആപ്പിൽ പച്ചനിറം കാണിച്ചുവേണം പ്രവേശിക്കാൻ.