53-ാമത് ദേശീയദിനം: ചമഞ്ഞൊരുങ്ങി ബഹ്‌റൈൻ
ചുവപ്പും വെള്ളയുമണിഞ്ഞ് തെരുവുകൾ... ദേശീയദിനത്തെ വരവേൽക്കാൻ പവിഴദ്വീപ്
മനാമ: 53ാമത് ദേശീയ ദിനാഘോഷത്തിനായി അണിഞ്ഞൊരുങ്ങി ബഹ്‌റൈനിലെ നഗരങ്ങളും തെരുവുകളും. ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കലർന്ന വർണങ്ങളിലുള്ള കൊടി തോരണങ്ങളും അലങ്കാര വിളക്കുകളുമാണ് പ്രധാന ആകർഷണം. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്‌റൈൻ, മുഹറഖ് നൈറ്റ്‌സ് എന്നീ പരിപാടികളും പുരോഗമിക്കുകയാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സ്വദേശികളുടേയും വിദേശികളുടേയും ഒഴുക്ക് രാജ്യത്തെങ്ങും പ്രകടമാണ്.
പ്രവാസി സമൂഹവും ബഹ്‌റൈന്റെ ദേശീയദിനാഘോഷം ഏറ്റെടുത്തിരിക്കുയാണ്. സന്തോഷത്തിന്റേയും ഐക്യത്തിന്റേയും കൂടി ആഘോഷമായാണ് പ്രവാസി മലയാളികൾ ദേശീയ ദിനത്തെ കാണുന്നത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി വേള കൂടിയാണിത്. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വൈവിധ്യമാർന്ന ദേശീയ ദിനാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ദേശീയ ദിനാചരണം പ്രമാണിച്ച് ഡിസംബർ 16നും 17നും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളും കൂട്ടായ്മകളും ആഘോഷത്തിൽ വിപുലമായി തന്നെ പങ്കുചേരും.