ബഹ്‌റൈനിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ സജീവം
ഒരാഴ്ചക്കുള്ളിൽ 44 പ്രവാസികളെ നാടുകടത്തി
മനാമ: ബഹ്‌റൈനിൽ അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.
തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 1527 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ- അറിയിച്ചു. നിയമലംഘനം നടത്തിയ നിരവധി പ്രവാസികളെ പിടികൂടുകയും 44 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. 20 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ 14 കാമ്പയിനുകൾ നടന്നു. നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻറ്‌സ് അഫയേഴ്‌സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഗവൺമെൻറ് ഏജൻസികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതരുടെ നിലപാട്. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.