ദുബൈ യാത്ര പുനരാരംഭിച്ചില്ല; അനിശ്ചിതത്വം തുടരുന്നു
ജൂലൈ ആറുവരെ സർവീസില്ലെന്ന് എയർ ഇന്ത്യ
ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് ഇന്ന് പുനരാരംഭിച്ചില്ല. യാത്രാനിബന്ധന സംബന്ധിച്ച അവ്യക്തത നീങ്ങാത്തതിനാലാണ് വിമാന കമ്പനികൾ സർവീസ് നീട്ടിവച്ചത്. അതേസമയം, ജൂലൈ ആറുവരെ ദുബൈയിലേക്ക് സർവീസ് ഉണ്ടാവില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇന്നു മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നായിരുന്നു നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ പ്രതീക്ഷ. പുതിയ ഉപാധികൾ കഴിഞ്ഞ ശനിയാഴ്ചയാണ് ദുബൈ അധികൃതർ പ്രഖ്യാപിച്ചത്. ചില എയർലൈനുകൾ ഞായറാഴ്ച ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാൽ അന്നുതന്നെ നിർത്തിയ ടിക്കറ്റ് ബുക്കിങ് ഇതുവരെയും പുനരാരംഭിച്ചില്ല.
അതേസമയം, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ റാപിഡ് പിസിആർ ടെസ്റ്റ് സംവിധാനം ഒരുക്കാനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇത് പൂർത്തിയായാലും മറ്റ് അവ്യക്തതകൾ നീങ്ങാതെ സർവീസ് തുടങ്ങാനിടയില്ല. മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ദുബൈയിലെത്താൻ പറ്റുമോ എന്നതിൽ വ്യക്തതയില്ല. ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് യാത്രാവിലക്കുണ്ടോ, വാക്‌സിനെടുക്കാത്ത കുട്ടികൾക്ക് യാത്ര ചെയ്യാമോ, ജിഡിആർഎഫ്എ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളിലും എയർലൈനുകൾക്ക് പോലും വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബുക്കിങ് നിർത്തിവച്ചതും.