ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ
ഡൽഹിയിൽ നടന്ന 28ാമത് പങ്കാളിത്ത ഉച്ചകോടിയിലാണ് ഖത്തർ വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്
ദോഹ: ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ. ഡൽഹിയിൽ നടന്ന 28ാമത് പങ്കാളിത്ത ഉച്ചകോടിയിലാണ് ഖത്തർ വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ 9136 ഇന്ത്യൻ കമ്പനികൾ ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. 2022ലെ കണക്കുകൾ പ്രകാരം ഖത്തറിന്റെ ഏറ്റവും പ്രബലരായ രണ്ടാമത്തെ വ്യാപാര പങ്കളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങൾക്കുമിടയിൽ 1720 കോടി റിയാലിന്റെ വാണിജ്യ ഇടപാടുകളാണ് നിലവിലുള്ളത്. 1510 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഖത്തർ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്തത്. ഇവയിൽ ദ്രവീകൃത പ്രകൃതി വാതകം, പെട്രോളിയം, അനുബന്ധ ഉൽപന്നങ്ങൾ, അജൈവ രാസവസ്തുക്കൾ എന്നിവയാണ് ഏറ്റവും പ്രധാനം.
എൽ.എൻ.ജി, പെട്രോൾ ഇറക്കുമതിയിൽ ഇന്ത്യ ഏറെ ആശ്രയിക്കുന്ന രാജ്യം കൂടിയാണ് ഖത്തർ. അതേസമയം ഭക്ഷ്യ -കാർഷിക ഉൽപന്നങ്ങൾ, വസ്ത്രം, ഇലക്ട്രോണിക്സ്, സ്റ്റീൽ, രാസപദാർഥങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.