കുവൈത്തിൽ സിവിൽ ഐഡി വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് 100 ദിനാർ പിഴ
397 റെസിഡൻഷ്യൽ വിലാസങ്ങൾ ഡിലീറ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡിലെ വിലാസം ഭേദഗതി ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ 100 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) മുന്നറിയിപ്പ് നൽകി. നിയമം നമ്പർ 32/1982 പ്രകാരമാണ് ഈ മുന്നറിയിപ്പ്. വീട്ടുടമയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം പൊളിക്കുന്നതിന്റെ അടിസ്ഥാനത്തിലുമായി 397 പേരുടെ വിലാസങ്ങൾ ഇല്ലാതാക്കിയതായി പി.എ.സി.ഐ 'കുവൈത്ത് അൽയൗം' എന്ന ഔദ്യോഗിക ഗസറ്റിൽ അടുത്തിടെ അറിയിച്ചിരുന്നു.
റസിഡൻഷ്യൽ അഡ്രസ് ഇല്ലാതായവരും ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചവരും പുതിയ വിലാസം രജിസ്റ്റർ ചെയ്യുകയും അനുബന്ധ രേഖകൾ പ്രസിദ്ധീകരിച്ച തിയതി മുതൽ 30 ദിവസത്തിനകം സമർപ്പിക്കുകയും ചെയ്യണമെന്ന് അറിയിപ്പിൽ അഭ്യർത്ഥിച്ചു. പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ 100 ദിനാറിൽ കൂടാത്ത പിഴ ഈടാക്കുമെന്നും പറഞ്ഞു.
അതേസമയം, 'സഹൽ' ഏകീകൃത ആപ്ലിക്കേഷനിലൂടെ ഒരു പുതിയ സേവനം ആരംഭിക്കുന്നതായി പി.എ.സി.ഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'അഡ്രസ്സ് അവൈലബിലിറ്റി' എന്ന സേവനം ഉപയോക്താവിന്റെ റെസിഡൻഷ്യൽ വിലാസത്തിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കാനും നിശ്ചിത പിഴ അടയ്ക്കാതിരിക്കാൻ ആവശ്യമെങ്കിൽ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനും പ്രാപ്തമാക്കുന്നുവെന്നും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനിടെ, 'മൈ ഐഡന്റിറ്റി' (കുവൈത്ത് മൊബൈൽ ഐഡി) ആപ്ലിക്കേഷനിൽ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നതായുള്ള അഭ്യൂഹം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) നിഷേധിച്ചു. ഒതൻറിക്കേഷൻ, ഇസിഗ്‌നേച്ചർ, നോട്ടിഫിക്കേഷൻ അയക്കൽ എന്നിങ്ങനെയുള്ള സേവനങ്ങൾ ആപ്ലിക്കേഷനിലൂടെ സൗജന്യമായാണ് നൽകുന്നതെന്നും വ്യക്തമാക്കി.