മരുന്നും ഭക്ഷണവുമായി കുവൈത്തിൽ നിന്നും ഗസ്സയിലേക്ക് രണ്ടാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു
ഫലസ്തീനികൾക്കുള്ള അടിയന്തിര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച ഈജിപ്തിലെത്തിയിരുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലേക്ക് മരുന്നും ഭക്ഷണവുമായി കുവൈത്തിൽ നിന്നും രണ്ടാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. കുവൈത്ത് അമീറിൻറെയും കിരീടവകാശിയുടെയും നിർദേശ പ്രകാരമാണ് അവശ്യ വസ്തുക്കളുമായി കുവൈത്തി വിമാനം ഈജിപ്തിലെത്തിയത്.
പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, ആശുപത്രി കിടക്കകൾ തുടങ്ങി വിവിധ വസ്തുക്കൾ വിമാനത്തിലുണ്ട്. ഫലസ്തീനികൾക്കുള്ള അടിയന്തിര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടിരുന്നു.
മെഡിക്കൽ സപ്ലൈകളും ആംബുലൻസുകളും മറ്റു അവശ്യ വസ്തുക്കളും അടങ്ങിയ 40 ടൺ വസ്തുക്കളുമായാണ് തിങ്കളാഴ്ച വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മിലുള്ള ഏകോപനത്തിലാണ് സഹായവിതരണം. ഫലസ്തീനായി ആരംഭിച്ച കാമ്പയിനിൽ രാജ്യത്തെ പൗരന്മാരും, താമസക്കാരും, വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് സംഭാവനകൾ നൽകിയത്.