ബയോമെട്രിക്സ് പൂർത്തിയാക്കാത്ത കുവൈത്തികളുടെ ബാങ്ക് അക്കൗണ്ടുകൾ നവംബർ ഒന്ന് മുതൽ മരിവിപ്പിക്കും
പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് റജിസ്റ്റർ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ സസ്പൻഡ് ചെയ്യുവാൻ ഒരുങ്ങുന്നു. ഇത് സംബന്ധമായ നിർദ്ദേശം നൽകിയതായി പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരന്മാർക്ക് ബയോമെട്രിക് പൂർത്തിയാക്കുവാനുള്ള അന്തിമ തീയതി കഴിഞ്ഞ ദിവസമായിരുന്നു. നവംബർ ഒന്ന് മുതൽ വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിംഗ് ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് സൂചന. നേരത്തെ ഡിസംബർ അവസാനത്തോടെയാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇത് മാറ്റി 30 ദിവസത്തിന് ശേഷമാക്കുകയായിരുന്നു.
തുടക്കത്തിൽ ഉപഭോക്താക്കളുടെ ഇലക്ട്രോണിക് പെയ്മെന്റുകൾ, പണം കൈമാറ്റം എന്നീവ താൽക്കാലികമായി നിർത്തിവെക്കും. തുടർന്ന് ബാങ്ക്, വിസ, മാസ്റ്റർകാർഡ് കാർഡുകൾ പിൻവലിക്കും. അതോടൊപ്പം നിക്ഷേപം സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.