കുവൈത്തിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ
പെരുന്നാൾ നമസ്‌കാരം രാവിലെ 5.56ന്


കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5.56ന്. പള്ളികൾക്ക് പുറമേ 57 ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നുണ്ട്.
ഈദ് ഗാഹിലേക്ക് വരുന്നവർ അംഗശുദ്ധീകരണം നടത്തി വരണമെന്നും മുസല്ല കരുതണമെന്നും സംഘടനകൾ ഉണർത്തി. എല്ലാ ഈദ് ഗാഹിലും സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.ഐ.ജി കുവൈത്ത് റിഗ്ഗായി, ഫർവാനിയ, മഹ്ബൂല, സാൽമിയ, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിലാണ് ഈദ് ഗാഹ് ഒരുക്കുക.
അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അനീസ് ഫാറൂഖിയും സാൽമിയ ഗാർഡനിൽ മുഹമ്മദ് ഷിബിലിയും ഫഹാഹീൽ ഗാർഡനിൽ നിയാസ് ഇസ്ലാഹിയും മെഹ്ബൂല ന്യൂ ഗൾഫ് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഫൈസൽ മഞ്ചേരിയും റിഗ്ഗായിൽ എസ്.എം. ബഷീറും ഫർവാനിയ ബ്ലോക്ക് ആറിൽ അനീസ് അബ്ദുസ്സലാമും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെ.ഐ.ജി മസ്ജിദ് സെൽ അറിയിച്ചു.
കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 11 ഈദ് ഗാഹുകൾ സംഘടിപ്പിക്കും. ഈദ് ഗാഹുകൾക്ക് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സമീർ അലി ഏകരൂൽ തുടങ്ങിയവർ നേതൃത്വം നൽകും.
കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ചെറിയ പെരുന്നാൾ നമസ്‌കാരം മംഗഫ് ബ്ലോക്ക് നാലിന് സമീപമുള്ള ബീച്ച് പരിസരത്തും ഫർവാനിയ ബ്ലോക് രണ്ടിലുള്ള ബൈലിങ്ക്വൽ സ്‌കൂൾ സ്റ്റേഡിയത്തിലുമായി സംഘടിപ്പിക്കും.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് അബ്ബാസിയയിലും മംഗഫിലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.