കുവൈത്തില്‍ 2000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി
വിദേശികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി
കുവൈത്ത് സിറ്റി: രാജ്യത്തെ 2000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ രാജ്യത്ത് നിന്ന് നാടുകടത്തും. കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയത്. വിദേശികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി.
നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെയാണ് പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണുള്ളത്. ഇതിൽ നിയമവിരുദ്ധമായി ലൈസൻസ് നേടിയെന്നു പരിശോധിച്ചു കണ്ടെത്തി റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് രണ്ട് വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവുമുള്ളവർക്കാണ് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി.