കുവൈത്തില്‍ പ്രത്യേക വിഭാഗങ്ങൾക്ക് നാലാമത്തെ ബൂസ്റ്റർ ഡോസ് നല്കാന്‍ നീക്കം, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും അണുബാധയ്ക്ക് സാധ്യത കൂടുതലുള്ളവര്‍ക്കും മുന്‍ ഗണന
വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതി മോശമായതോടെ, വിദേശകാര്യ മന്ത്രാലയവും എംബസികളും വിദേശത്തുള്ള പൗരന്മാരോട് മടങ്ങിവരാനും ആഹ്വാനം ചെയ്തിട്ടുണ്ട്
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിച്ചതോടെ, പുതിയ വകഭേദമായ ഒമിക്രോണിനെ ഉപരോധിക്കാനും വ്യാപനം തടയാനുമുള്ള നടപടികള്‍ വേഗത്തിലാക്കി കുവൈത്ത്.
മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം തുടരുന്നതിനിടെ, പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ക്കും അണുബാധയ്ക്ക് സാധ്യതയുള്ള ചിലരുമുള്‍പ്പെടെയുള്ള നിശ്ചിത വിഭാഗങ്ങള്‍ക്കാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ നാലാം ഡോസ് നല്‍കുകയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി. മറ്റു പല രാജ്യങ്ങളും സമാനമായ മാനദണ്ഡമാണ് നാലാം ഡോസ് വിതരണത്തില്‍ സ്വീകരിക്കുന്നത്.
വാക്സിന്റെ ആദ്യഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ ദുര്‍ബലപ്പെടുത്താന്‍ പുതിയ വകഭേദമായ ഒമിക്രോണിന് കഴിയുമെന്ന് പ്രാഥമിക ഗവേഷണം തെളിയിച്ചതിന് ശേഷം, ഇതിനെ ചെറുക്കാന്‍ നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 9 ഞായറാഴ്ച മുതല്‍ അടച്ചിട്ട സ്ഥലങ്ങളിലെ എല്ലാ പൊതു പരിപാടികളും വിവാഹങ്ങളും നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഫെബ്രുവരി 28 തിങ്കളാഴ്ച വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹോട്ടലുകളില്‍ നടത്താന്‍ തീരുമാനിച്ച വിവാഹ ചടങ്ങുകളും മറ്റും മാറ്റിവയ്ക്കാനും കര്‍ശന നിര്‍ദേശമുണ്ട് .
വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതി മോശമായതോടെ, വിദേശത്തുള്ള പൗരന്മാരോട് മടങ്ങിവരാന് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.