അൽ ഖാഇദ തലവനെ കൊലപ്പെടുത്തിയെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈത്തും
അൽ ഖാഇദ നേതാവ് അയ്മൻ അൽ-സവാഹരിയെ കൊലപ്പെടുത്തിയെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും തകർക്കാനും മനുഷ്യജീവിതം അപകടത്തിലാക്കാനും ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഗൗരവതരമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തീവ്രവാദം എന്ന പ്രതിഭാസത്തെ തുടച്ചുനീക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും കുവൈത്ത് പൂർണമായി പിന്തുണയ്ക്കുന്നതായും മനുഷ്യരാശിക്കു സമാധാനവും ലോകത്തിന് സുരക്ഷിതത്വവും സുസ്ഥിരതയും ഉണ്ടാകട്ടെ എന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം ആശംസിച്ചു.
ഞായറാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ അപ്പാർട്ട്‌മെന്റിൽ നടത്തിയ ഡ്രോൺ അക്രമണത്തിൽ അൽ സവാഹിരി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ആറ് മാസം അതിനായി അമേരിക്കൻ സൈന്യം തയ്യാറെടുത്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തെ ഇന്നലെ സൗദിയും സ്വാഗതം ചെയ്തിരുന്നു.