കുവൈത്തിൽ വാഹന ഹോൺ ദുരുപയോഗം ട്രാഫിക് നിയമലംഘനം
ഇനി ഹോണിൽനിന്ന് കയ്യെടുത്തോ... ഇല്ലെങ്കിൽ 25 ദിനാർ പിഴയും തടവും
കുവൈത്ത് സിറ്റി: വാഹന ഹോണുകളുടെ ദുരുപയോഗം ഗതാഗത നിയമലംഘനമായി പ്രഖ്യാപിച്ച് കുവൈത്ത് പൊതു ട്രാഫിക് വകുപ്പ്. തെറ്റായ രീതിയിൽ ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 25 ദിനാർ പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് കോടതിയിലെത്തിയാൽ തടവ് വരെ ലഭിച്ചേക്കും.
അപകടം തടയാൻ മറ്റ് വാഹനങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഹോൺ ഉപയോഗിക്കേണ്ടതെന്ന് ട്രാഫിക് ബോധവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. വ്യക്തികളെ വിളിക്കുക, മറ്റുള്ളവരെ അഭിവാദ്യം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ഹോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചില ഡ്രൈവർമാർ ജനവാസ കേന്ദ്രങ്ങളിൽ ഹോൺ ദുരുപയോഗം ചെയ്യുന്നത് പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വകുപ്പ് നിരീക്ഷിച്ചു.