മുബാറക് അൽകബീർ ഗവർണറേറ്റിൽ റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു
ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് നിർമാണം
കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പൊതുമരാമത്ത് മന്ത്രാലയത്തിലെ ടീമുകൾ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില റോഡുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് മന്ത്രി അറിയിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി പൂർണമായ സഹകരണം ആവശ്യമാണെന്ന് അവർ അഭ്യർത്ഥിച്ചു.
ഇതിനു മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 18 ദേശീയ-അന്തർദേശീയ കമ്പനികളുമായി ഏകദേശം 400 ദശലക്ഷം കുവൈത്ത് ദിനാർ മൂല്യമുള്ള കരാറുകൾ ഒപ്പുവെച്ചിരുന്നു. വിവിധ പ്രദേശങ്ങളിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഹൈവേയുടെയും ഉൾറോഡുകളുടെയും അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനത്തെ കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.