കുവൈത്തില്‍ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

പമ്പുകളില്‍ ഫില്ലിങ്ങിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ചില സ്വകാര്യ പെട്രോള്‍ വിതരണക്കമ്പനികള്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്

Update: 2022-05-31 08:09 GMT
കുവൈത്തില്‍ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം
AddThis Website Tools
Advertising

കുവൈത്തില്‍ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് പമ്പുടമകളോട് നാഷണല്‍ പെട്രോളിയം കമ്പനിയുടെ കര്‍ശന നിര്‍ദ്ദേശം. പെട്രോള്‍ പമ്പുകളില്‍ ഫില്ലിങ്ങിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ചില സ്വകാര്യ പെട്രോള്‍ വിതരണക്കമ്പനികള്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് കെ.എന്‍.പിസി ഇക്കാര്യം അറിയിച്ചത്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാല്‍ സെല്‍ഫ് സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും ജീവനക്കാരുടെ സഹായം ആവശ്യമുള്ളവരില്‍നിന്ന് 200 ഫില്‍സ് അധികം ഈടാക്കുമെന്നും പെട്രോള്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഊല അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്.

സ്വകാര്യ ഫ്യൂവല്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.എന്‍.പി.സിയും അധിക നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഉപഭോക്താക്കള്‍ സ്വയം പെട്രോള്‍ നിറക്കുന്ന സെല്‍ഫ് സര്‍വീസ് ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ കമ്പനികളെ അനുവദിക്കും.

കുവൈത്തിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനാല്‍ മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നുണ്ട്. കോവിഡിന് മുന്‍പ് 850 പേര്‍ തൊഴിലെടുത്തിരുന്ന തങ്ങളുടെ പമ്പുകളില്‍ നിലവില്‍ 350 പേര്‍ മാത്രമാണുള്ളതെന്നും ഊലയുടെ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതിനിടെ അശാസ്ത്രീയമായ സ്വകാര്യവല്‍ക്കരണമാണ് പെട്രോള്‍ പമ്പുകളിലെ തൊഴില്‍ പ്രതിസന്ധിക്ക് കാരണമെന്ന് കുവൈത്ത് ഓയില്‍ കമ്പനി ലേബര്‍ യൂണിയന്‍ ആരോപിച്ചു. പഠനങ്ങളുടെ അപര്യാപ്തതയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും സ്വകാര്യവല്‍ക്കരണ പദ്ധതി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News