ഇന്ത്യൻ പ്രധാനമന്ത്രിയും കുവൈത്ത് കിരീടാവകാശിയും ന്യൂയോർക്കിൽ ഉഭയകക്ഷി ചർച്ച നടത്തി
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് കുവൈത്ത് കിരീടാവകാശിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നന്ദി പറഞ്ഞു
കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ നടക്കുന്ന 79-ാമത് യു.എൻ.ജി.എ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹുമായി തന്റെ ആദ്യ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു . ഇരു നേതാക്കളും, രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധങ്ങളെക്കുറിച്ചും ആളുകൾ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും പ്രതിഫലിപ്പിച്ചു. ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയിലുള്ള തങ്ങളുടെ സഹകരണത്തിൽ അവർ സംതൃപ്തി പ്രകടിപ്പിക്കുകയും പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
"കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹുമായുള്ള ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. ഫാർമ, ഭക്ഷ്യ സംസ്‌കരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-കുവൈത്ത് ബന്ധത്തിന് എങ്ങനെ ഊർജം പകരാമെന്ന് ഞങ്ങൾ ചർച്ച ചെയ്തതായും" കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി എക്‌സിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് കുവൈത്ത് കിരീടാവകാശിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നന്ദി പറഞ്ഞു.