ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത്
ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഗവൺമെൻറ്, ബാങ്കിംഗ് ഇടപാടുകളിലും നിയന്ത്രണങ്ങൾ
കുവൈത്ത് സിറ്റി: ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഗവൺമെൻറ്, ബാങ്കിംഗ് ഇടപാടുകളിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
35 ലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ഇതിനകം ബയോമെട്രിക് പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് തലാൽ അൽ ഖാലിദി വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സ്വദേശി പൗരന്മാരിൽ ഏകദേശം 956,000 പേർ പ്രക്രിയ പൂർത്തിയാക്കി. 16,000 പേരാണ് നിലവിൽ ബയോമെട്രികിനായി അവശേഷിക്കുന്നത്. പ്രവാസികളിൽ 25 ലക്ഷം പേർ നടപടി പൂർത്തിയാക്കിയപ്പോൾ 1,81,718 പേർ ബാക്കിയുണ്ട്. ബിദൂനികളിൽ 82,000 പേരും ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായി ശേഷിക്കുന്നു.
നടപടികൾ പൂർത്തിയാക്കാത്തവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രതിദിനം 10,000 അപ്പോയിന്റ്‌മെന്റുകൾ വരെ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യാൻ കഴിയും. മൂന്ന് മിനിറ്റിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാനാവും. സഹ്ൽ ആപ്ലിക്കേഷൻ വഴിയോ മെറ്റ പോർട്ടൽ വഴിയോ മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുത്താണ് കേന്ദ്രങ്ങളിൽ എത്തേണ്ടത്.