വിസ കച്ചവടം; കുവൈത്തിൽ ഇന്ത്യക്കാരടക്കമുള്ള സംഘം പിടിയിൽ

ഇന്ത്യ, സിറിയ, ഈജിപ്ത് പൗരത്വമുള്ളവരെയാണ് പിടികൂടിയത്

Update: 2024-10-08 15:30 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തെ പിടികൂടി. ഇന്ത്യ, സിറിയ, ഈജിപ്ത് പൗരത്വമുള്ളവരെയാണ് പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച് പണം വാങ്ങി റെസിഡൻസി നേടാൻ സൗകര്യമൊരുക്കലായിരുന്നു സംഘം ചെയ്തു കൊണ്ടിരുന്നത്. തുടർന്ന് തൊഴിലാളികളുടെ റെസിഡൻസി ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റും. ഇതിനായി ഓരോ വിസ ട്രാൻസ്ഫറിനും തൊഴിലാളികളിൽ നിന്ന് 700 മുതൽ 1,000 കുവൈത്ത് ദിനാർ വരെ ഫീസ് ഈടാക്കുന്നതായും ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.

പ്രതികൾക്കും കമ്പനി ഉടമയ്ക്കുമെതിരെ നിയമ നടപടികളും സ്വീകരിച്ചു. കേസ് ജുഡീഷ്യൽ നടപടികൾക്കായി കൈമാറി. നേരത്തെ വിസ കച്ചവടം തടയാൻ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് പ്രധാന കാരണം വിസ കച്ചവടമാണെന്നാണ് വിലയിരുത്തൽ. റെസിഡൻസി തട്ടിപ്പുകളും മറ്റ് നിയമവിരുദ്ധമായ നടപടികളും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News