'ഐ.എസ്.എം മാനേജ്മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ് സുതാര്യമാക്കണം'; ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി
മാനേജ്മെൻറ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വന്നിട്ടുള്ള അപാകതകൾ തിരുത്തണമെന്ന് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ശിവ മാണിക്കത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെൻറ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. മാനേജ്മെൻറ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വന്നിട്ടുള്ള അപാകതകൾ ചൂണ്ടിക്കാണിക്കുകയും അതു തിരുത്തുകയും വേണമെന്നും രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ശിവ മാണിക്കത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
2023 ജനുവരിയിലാണ് കഴിഞ്ഞ മാനേജ്മെൻറ് കമ്മിറ്റിയിലേക്കുള്ള ഇൻറർവ്യു നടത്തിയിരുന്നത്. അന്ന് കൂടിക്കാഴ്ചക്കായി 44 പേർ ഉണ്ടായിരുന്നു. എന്നാൽ നാളിതുവരെയായി അതിൽ നിന്നുള്ള നിയമനങ്ങൾ നടത്തിയിട്ടില്ല. ഈ ജനുവരി 15ന് പുതിയ വർഷത്തേക്കുള്ള മാനേജ്മെൻറ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻസ് കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങൾ നിവേദനം സമർപ്പിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിൽ നടത്തുന്ന പരീക്ഷകളിലെ ചോദ്യ പേപ്പറുകൾ അതീവ ജാഗ്രതയോടുകൂടി ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതായി നിവേദനം കൊടുക്കാൻ നേതൃത്വം നൽകിയ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. രക്ഷിതാക്കളായ സൈമൺ ഫിലിപ്പോസ്, കെ.ജെ.ജോൺ, ജയാനന്ദൻ എന്നിവരും കൂടെയുണ്ടായിരുന്നു.
സാങ്കേതിക കാരണങ്ങൾകൊണ്ടാണ് കഴിഞ്ഞവർഷത്തെ നിയമനം വൈകിയതെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ അറിയിച്ചു. വരുംവർഷങ്ങളിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഏതൊക്കെ മേഖലകളിലെ വിദഗ്ധരെയാണ് പ്രസ്തുത മാനേജ്മെൻറ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് കൃത്യമായി നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്താമെന്ന് ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കൾ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവരേയും അല്ലാത്തവരേയും വിവരമറിയിക്കുമെന്നും ചെയർമാൻ അറിയിച്ചു.