യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 11% വർധനവുമായി സലാല വിമാനത്താവളം

2024ന്റെ ആദ്യ പകുതിയിൽ 628,951 യാത്രക്കാർ സലാല വിമാനത്താവളം വഴി യാത്ര ചെയ്തു

Update: 2024-08-09 09:16 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത് : നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം സലാല വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. 2024ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം 628,951 യാത്രക്കാർ സലാല വിമാനത്താവളം വഴി യാത്ര ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർധനവാണ്.

ആഭ്യന്തര വിമാന സർവീസുകളിലും വലിയ വർധനവുണ്ടായി. 2213 വിമാനങ്ങൾ സർവീസ് നടത്തിയത് കഴിഞ്ഞ വർഷത്തേക്കാൾ 13.5% കൂടുതലാണ്. അന്തർദേശീയ വിമാന സർവീസുകളും 2.3% വർധിച്ച് 2475ൽ എത്തി. ഇത് സലാല വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിച്ചതായി സൂചിപ്പിക്കുന്നു.

വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കിയതുമാണ് ഈ വർധനവിന് കാരണം. ദോഫാർ ഗവർണറേറ്റിലെ ടൂറിസം വളർച്ചയും, പ്രത്യേകിച്ച് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഖരിഫ് സീസണും ഈ വർധനവിന് സഹായകമായി. വിവിധ ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണവും ഇതിൽ പ്രധാന പങ്കു വഹിച്ചു.

ഖരിഫ് സീസണിൽ ഈ വർധനവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിതമായ കാലാവസ്ഥയും മഴയും പ്രദേശത്തെ പച്ചപ്പണഞ്ഞു നിർത്തുന്നതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. സലാലയെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള രാജ്യത്തിന്റെ നയങ്ങളുടെ വിജയമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനവ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News