പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
ഈ വർഷം ഡെങ്കി കേസുകളിൽ കുറവുണ്ടായാതായി വിലയിരുത്തൽ
മസ്‌കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്സ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു. ഈ വർഷം ഡെങ്കി കേസുകളിൽ കുറവുണ്ടായാതായി യോഗം വിലയിരുത്തി. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്സ് മേധാവിയുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 2023-2024 കാലയളവിലെ ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്ലാനിന്റെ ഫലങ്ങൾ യോഗം ചർച്ച ചെയ്തു. 2024-2025 വർഷത്തേക്കുള്ള പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കി. ഡെങ്കിപ്പനി കേസുകളിൽ 93 ശതമാനത്തിന്റെ കുറവുണ്ടായതായി യോഗം വിലയിരുത്തി.
കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുന്നതിനായി 69,000 വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് നടപടികൾ സ്വീകരിച്ചതാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. മസ്‌കത്ത് ഗവർണറേറ്റിലെ 84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 266 സ്ഥിരമായ ചതുപ്പ് പ്രദേശങ്ങൾ പ്രധാന കൊതുക് പ്രജനന കേന്ദ്രങ്ങളായി കണ്ടെത്തിയിരുന്നു. ഈ മേഖലകളിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താനായതായും കൊതുകിന്റെ വ്യാപനത്തെ ചെറുക്കാനായി. കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ കൊതുകുകളെ നിയന്ത്രിക്കാൻ ഇലക്ട്രോണിക്, നോൺ ഇലക്ട്രോണിക് കെണികൾ പാർക്കുകളിൽ സ്ഥാപിക്കും. മറ്റ് രാജ്യങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയ കീട നിയന്ത്രണ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.