ഒമാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഡിസംബർ ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങും
അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രഖ്യാപിക്കും
ഒമാനിലെ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശ പത്രിക ഡിസംബർ ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രഖ്യാപിക്കും. ജനുവരി 21ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കാലത്ത് എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിങ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും.തെരഞ്ഞെടുപ്പ് ദിവസം സ്‌കൂൾ പരിസരത്തോ പുറേത്തോ യാതൊരുവിധ വോട്ട് പിടുത്തവും അനുവദിക്കുന്നതല്ല.
ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രൻറെ നേതൃത്വത്തിൽ അംഗങ്ങളായ കെ. എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ. എ. അവോസായ് നായകം എന്നിവരായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുക. രക്ഷിതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ www.indianschoolsboardelection.org എന്ന വെബ്സൈറ്റും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ കമ്മീഷൻറെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാനും പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനും സാധിക്കും. നവംബർ 26 മുതൽ രക്ഷിതാക്കൾക്ക് ഈ സേവനം ലഭ്യമാകും.