ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ
ഇന്ത്യൻ രൂപയുടെ മൂല്യം ഒരു ഡോളറിന്ന് 87.10 രൂപ എന്ന സർവ്വകാല ഇടിവിലേക്ക് കൂപ്പ് കുത്തിയതോടെയാണ് വിനിമയ നിരക്ക് ഉയർന്നത്


മസ്കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ. ഇന്ത്യൻ രൂപയുടെ റിയാലിന്റെ വിനിമയ നിരക്ക് തിങ്കളാഴ്ചയോടെയാണ് പുതിയ ഉയരങ്ങളിലെത്തിയത്. ഒരു റിയാലിന് 225.60 രൂപ എന്ന നിരക്കാണ് ഇന്ന് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 226 രൂപയിലധികമാണ് കാണിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം ഒരു ഡോളറിന്ന് 87.10 രൂപ എന്ന സർവ്വകാല ഇടിവിലേക്ക് കൂപ്പ് കുത്തിയതിനാലാണ് വിനിമയ നിരക്ക് ഉയർന്നത്. ട്രംപ് അധികാരത്തിലെത്തിയതോടെ നടപ്പാക്കിയ ഇറക്കുമതി നയമാണ് ഡോളർ ശക്തമാവാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്ക് ട്രംപ് ഇറക്കുമതി കരം ഏർപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതോടെ ഈ രാജ്യങ്ങൾ തിരിച്ചും ചുങ്കം ഏർപ്പെടുത്തിയേക്കും. ഇതോടെ അന്താരാഷ്ട്ര വ്യാപാര യുദ്ധം വരുമെന്ന ആശങ്കയാണ് ഡോളർ കൂടുതൽ ശക്തി പ്രാപിക്കാൻ പ്രധാന കാരണം. ഡോളർ ശക്തമാവാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.