മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു
വാദികളിലും മറ്റും കടുങ്ങിയ നിരവധിപേരെ രക്ഷിച്ചു
മസ്കത്ത്: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ ആണ് . മഴയെ തുടർന്ന് ഉണ്ടായ വാദികളിലും മറ്റും കടുങ്ങിയ നിരവധിപേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചത്.
കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വടക്കൻ ബാത്തിനയിലെ ആരോഗ്യ കേന്ദ്രത്തിൽ കുടുങ്ങിയ 107 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. ഫിസിക്കൽ തെറാപ്പി സെൻററിൽ അകപ്പെട്ടിരുന്ന ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി അതോറിറ്റി അറിയിച്ചു. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ അകപ്പെട്ടയാളെളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടത്തി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്ന് കുട്ടികളെ കാണാതായി. കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. സീബിൽ നിന്ന് ഒരാളെയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വാദിയിൽ വാഹനത്തിൽ കൂടുങ്ങിയ ആറുപേരെയും രക്ഷിച്ചു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുവാസലാത്ത് മസ്കത്ത് സിറ്റി സർവിസ് റദ്ദാക്കി. എന്നാൽ, മറ്റ് സർവിസുകൾ പതിവുപോലെ തുടർന്നു. മവേല സെൻട്രൽ മാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചിട്ടു. മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത്-ബൗശർ റോഡ് പൂർണമായി അടച്ചു. ബുധനാഴ്ചവരെ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.