ഒമാനിൽ പുരാതന നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ബി.സി ഒന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ളതാണ് കണ്ടെത്തിയ സ്ഥലമെന്നാണ് അനുമാനിക്കുന്നത്
മസ്കത്ത്: രാജ്യത്ത് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാതന നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ധങ്കിലെ ഐൻ ബാനി സൈദ പുരാവസ്തു സൈറ്റിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്സോ സർവകലാശാലയിൽ നിന്നുള്ള പോളിഷ് സംഘവുമായിരുന്നു ഖനനം നടത്തിയത്. ബി.സി ഒന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ളതാണ് കണ്ടെത്തിയ സ്ഥലമെന്നാണ് അനുമാനിക്കുന്നത്.
കൈകൊണ്ട് നിർമിച്ച് അലങ്കരിച്ച മൺപാത്രങ്ങൾ, ഗോവണി, പാചക സ്റ്റൗ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. ഒരു വലിയ നഗരത്തിന്‍റെ തനിപ്പകർപ്പാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഇത് അക്കാലത്തെ സാമൂഹിക സാഹചര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും വാർസോ സർവകലാശാലയിലെ ഡോ. പീറ്റർ ബെലിൻസ്‌കി പറഞ്ഞു. പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്‌സ സർവകലാശാലയിൽ നിന്നുള്ള സംഘവും പുതിയ പുരാവസ്തു സൈറ്റിൽ ഗവേഷത്തിനും പഠനങ്ങൾ നടത്തുന്നതിനുമായി ഖനനം നടത്തി കൊണ്ടിരിക്കുകയാണ്. ഈ സ്ഥലത്തിന് ഹജർ പർവതനിരകളിലെ ബാറ്റ്, ബഹ്ലൈയിലെ സലൂട്ട്, സഹമിലെ ദഹ്വ തുടങ്ങിയ പുരാവസ്തു സ്ഥലങ്ങളുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് ദാഹിറ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ അലി ബിൻ ഖമീസ് അൽ-സുദൈരി പറഞ്ഞു.