ഒമാനിലെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ്: രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്

പത്തു ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു മാസത്തോളമായി നടത്തിയ ഓൺലൈൻ വോട്ടിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്.

Update: 2024-02-05 19:17 GMT
Advertising

മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കി പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്. പയറു വർഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിഭാഗത്തിലാണ് രണ്ടാം തവണയും ശ്രദ്ധേയമായ നേട്ടം കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

മസ്‌കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ഷാഹി ഫുഡ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ, സ്പോൺസർമാരായ ഇബ്രാഹിം അൽ റവാഹി, സഈദ് അൽ റാവാഹി എന്നിവർ ചേർന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

പത്തു ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു മാസത്തോളമായി നടത്തിയ ഓൺലൈൻ വോട്ടിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്. ഉപഭോക്താക്കൾ നൽകിയ അംഗീകാരത്തിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫും സ്പോൺസർമാരായ ഇബ്രാഹിം അൽ റവാഹിയും സഈദ് അൽ റാവാഹിയും പറഞ്ഞു.

സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ‌ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്നു പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്. അപെക്സ് മീഡിയ ചെയർമാനും മസ്കത്ത് ഡെയിലി ചീഫ് എഡിറ്ററും ആയ സാല അൽ സക്കുവാനി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.

1986ൽ പ്രവർത്തനം ആരംഭിച്ച ഷാഹി ഫുഡ്സ് ഒമാനിലെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയാണ്. മസാലകൾ, ഡ്രൈ ഫ്രൂട്സ്, അറബിക് കോഫി, പയർ വർഗങ്ങൾ എന്നീ വിഭാഗങ്ങളിലായി ഇരുനൂറിൽപരം ഭക്ഷ്യ ഉൽപന്നങ്ങളാണ് ഷാഹി വിതരണം ചെയ്യുന്നത്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News