ദേശീയ ചിഹ്നങ്ങളുടെ ദുരുപയോഗം; കർശന പരിശോധനയുമായി ഒമാന്‍ വാണിജ്യ മന്ത്രാലയം
ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് വാണിജ്യ മന്ത്രാലയം സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയത്
മസ്‌കത്ത്: വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം. സാധുവായ ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന കർശനമാക്കിയിട്ടുണ്ട്.
ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉത്പന്നങ്ങൾ എന്നിവയിൽ ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ അപേക്ഷിച്ച് ലൈസൻസ് നേടാനാകും.
വെബ്സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രവർത്തിക്കുന്ന ചില ഓൺലൈൻ സ്റ്റോറുകൾ ആവശ്യമായ പെർമിറ്റുകളില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ അംഗീകാരം നേടേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വീണ്ടും അവർത്തിച്ചു. ബിസിനസ്സുകളെ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇ-കൊമേഴ്സ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. കൂടാതെ, ഡിജിറ്റൽ വിപണിയിൽ നിയമാനുസൃതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്സ് നിയന്ത്രണ ചട്ടക്കൂടിലെ എല്ലാ നിബന്ധനകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.