സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി താലിബാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഖത്തര്‍
അഫ്ഗാന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഖത്തറില്‍ തിരിച്ചെത്തിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന് അല്‍ത്താനി ഫ്രഞ്ച് വിദേശകാര്യമന്ത്രിയൊടൊപ്പം ദോഹയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി താലിബാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതായി ഖത്തര്‍. അന്താരാഷ്ട്ര സമൂഹവുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും എംബസികള്‍ തുറക്കാനും താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ ഖത്തറിനെ അറിയിച്ചു. ഖത്തര്‍ വിദേശകാര്യമന്ത്രി നടത്തിയ അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെയാണ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നത്. അഫ്ഗാന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഖത്തറില്‍ തിരിച്ചെത്തിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന് അല്‍ത്താനി ഫ്രഞ്ച് വിദേശകാര്യമന്ത്രിയൊടൊപ്പം ദോഹയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്ത്രീകളുടെ അവകാശസംരക്ഷണങ്ങളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും താലിബാനുമായി സംസാരിക്കുന്നുണ്ട്. ഇന്നലെ നടത്തിയ സന്ദര്‍ശത്തിനിടയിലും താലിബാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവുമായി നയതന്ത്ര ബന്ധമുണ്ടാക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും അഫ്ഗാനിസ്ഥാന്റെ എംബസികള്‍ തുറക്കാനുള്ള താല്‍പ്പര്യം താലിബാന്‍ അറിയിച്ചതായും മുഹമ്മദ് അബ്ദുറഹ്‌മാന്‍ അല്‍ത്താനി അറിയിച്ചു.
ഞായറാഴ്ച്ച വൈകീട്ടാണ് ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന് അല്‍ത്താനി അഫ്ഗാനിലെത്തിയത്. യു.എസ് സൈന്യം പിന്‍വാങ്ങി താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മറ്റൊരു രാജ്യത്തെ ഉന്നത നയതന്ത്രപ്രതിനിധിയാണ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന് അല്‍ത്താനി. താലിബാന്‍ നിയോഗിച്ച ഇടക്കാല സര്‍ക്കാരിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാഹ് മുഹമ്മദ് ഹസ്സന്‍ അക്കുന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുള്‍പ്പെടെ മറ്റു ഉന്നതനേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള എന്നിവരെയും ഖത്തര്‍ വിദേശകാര്യമന്ത്രി കണ്ടു. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി.