അപകടത്തിൽ പരിക്കേറ്റ തിരൂർ സ്വദേശി ഖത്തറിൽ മരിച്ചു
സൈക്കിളിൽ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിച്ചാണ് പരിക്കേറ്റിരുന്നത്
Update: 2024-08-31 16:53 GMT
ദോഹ: ഖത്തറിൽ ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ ആലിൻചുവട് സ്വദേശി മരിച്ചു. 40 വർഷത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായ പൊട്ടച്ചോല ഹംസഹാജി (72) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിക്കടുത്ത് വെച്ച് ഹംസ ഹാജി സഞ്ചരിച്ച സൈക്കിളിൽ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.
ആയിഷയാണ് ഭാര്യ. മക്കളില്ല. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും.