ദോഹയിൽ അമേരിക്ക-താലിബാൻ ചർച്ച;അഫ്ഗാനിസ്താന്റെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമെന്ന് അമേരിക്ക
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ താലിബാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു
ദോഹ: ഖത്തറിൽ അമേരിക്കയും അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ചർച്ച നടത്തി. അഫ്ഗാനിസ്താന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയെ പ്രതിനിധീകരിച്ച് തോമസ് വെസ്റ്റും അഫ്ഗാൻ പ്രതിനിധി റിന അമീരിയും ചർച്ചയിൽ പങ്കെടുത്തു.ആക്ടിങ് വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചത്.
രാജ്യത്തെ മനുഷ്യ പ്രശ്‌നങ്ങളും സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള താലിബാൻ നിലപാടുകളും കടുത്ത ദാരിദ്ര്യവും ചർച്ചയായി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ താലിബാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കും വെല്ലുവിളിയാകുന്ന തീവ്രവാദ സംഘങ്ങൾക്ക് അഫ്ഗാനിസ്ഥാൻ മണ്ണൊരുക്കരുത്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരയുള്ള ഭീകരാക്രമണങ്ങൾ കുറഞ്ഞുവരുന്നതായും യുഎസ് പ്രതിനിധികൾ വിലയിരുത്തി.
അതേ സമയം അമേരിക്ക മരവിപ്പിച്ച അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ 7 ബില്യൺ ഫണ്ട് വിട്ടുനൽകാൻ തയ്യാറാകണമെന്ന് താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. താലിബാൻ നേതാക്കളുടെ യാത്രാ വിലക്ക് നീക്കണമെന്ന് ചർച്ചയിൽ ഉന്നയിച്ചു.