റിയാദ് മെട്രോ ഓറഞ്ച് ലൈനിലെ സർവീസ് ഇന്ന് ആരംഭിച്ചു
മദീന റോഡ് ട്രാക്കിലാണ് ഞായറാഴ്ച മുതൽ ഓറഞ്ച് ലൈൻ സേവനം ലഭിക്കുക
റിയാദ് മെട്രോ ഓറഞ്ച് ലൈനിലെ സർവീസ് ഇന്നാരംഭിച്ചു. നേരത്തെ ആരംഭിച്ച ബ്ലൂ ലൈനിൽ മൂന്ന് സ്റ്റേഷനുകളിലും ഇന്ന് സർവീസ് ലഭ്യമാകും. ഇതോടെ മെട്രോയുടെ മുഴുവൻ ലൈനിലേക്കുമുള്ള സർവീസുകൾ പൂർത്തിയായി. മദീന റോഡ് ട്രാക്കിലാണ് ഇന്നു മുതൽ ഓറഞ്ച് ലൈൻ സേവനം ലഭിക്കുക.
ജിദ്ദ റോഡ്, തുവൈഖ്, അൽ ദൂഹ്, ഹാറൂൻ അൽ റഷീദ്, അൽ നസീം അഥവാ മറൂൺ ലൈനിലെ സ്റ്റേഷൻ 21 എന്നീ സ്റ്റേഷനുകൾ ബന്ധിപ്പിച്ചാണ് ഓറഞ്ച് ലൈന്റെ സേവനം. നേരത്തെ ആരംഭിച്ച ബ്ലൂ ലൈനിൽ മൂന്ന് സ്റ്റേഷനുകളിലും ഇന്ന് സർവീസ് ലഭ്യമാകും. അൽ മുറൂജ്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി എന്നീ സ്റ്റേഷനുകളാണിവ. ഇതോടെ മെട്രോയുടെ മുഴുവൻ ലൈനിലേക്കും സേവനം ലഭ്യമാകും. കഴിഞ്ഞ ദിവസം യെല്ലോ ലൈനിലെ എയർപോർട്ട് ടെർമിനൽ ഒന്ന്, രണ്ട് സ്റ്റേഷനുകളിലേക്കുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു.
സൗജന്യ പാർക്കിങ്, സൗജന്യ ടാക്‌സി സേവനം തുടങ്ങി നിരവധി സംവിധാനങ്ങളും മെട്രോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദർബ് കാർഡ് ഉപയോഗിച്ചാണ് മെട്രോയിൽ യാത്ര ചെയ്യുക. റിയാദ് മെട്രോ സ്റ്റേഷനിലെത്തി നേരിട്ടോ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച മെഷീൻ വഴിയോ കാർഡ് ലഭ്യമാണ്.
ദർബ് കാർഡിന് പകരംഎടിഎം കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് റിയാദ് മെട്രോ. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മെട്രോ സേവനം. 2 മണിക്കൂറിന് ട്രെയിനും ബസ്സും ഉപയോഗിക്കാൻ 4 റിയാൽ മാത്രമാണ് ചെലവാകുക.