മീഡിയവൺ ഖത്തർ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരങ്ങൾ നാളെ സമ്മാനിക്കും
400ലേറെ വിദ്യാർഥികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും
ദോഹ: നസീം ഹെൽത്ത് കെയർ മീഡിയവൺ ഖത്തർ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരങ്ങൾ നാളെ സമ്മാനിക്കും. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും പങ്കെടുക്കും.
അൽവക്ര മെഷാഫിലെ പൊഡാർ പേൾ സ്‌കൂളിലാണ് ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഏറ്റവും വലിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലധികം മാർക്ക് നേടി ഉന്നത വിജയം നേടിയ ഇന്ത്യക്കാരും സിബിഎസ്ഇ സിലബസിൽ പഠനം പൂർത്തിയാക്കിയ ഇതര രാജ്യക്കാരുമായി 400 ലേറെ വിദ്യാർഥികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
ഖത്തർ യൂനിവേഴ്‌സിറ്റിയിലെ ഉന്നത വിജയത്തിന് ഖത്തർ അമീറിൽനിന്നും പത്‌നിയിൽ നിന്നും സ്വർണ മെഡൽ സ്വന്തമാക്കിയ അഭിമാന താരങ്ങളെയും ബഹ്‌റൈൻ ജൂനിയർ ഇൻറർനാഷണൽ ബാഡ്മിൻറൺ കിരീടം സ്വന്തമാക്കിയ റിയാ കുര്യനെയും വേദിയിൽ ആദരിക്കും. വൈകിട്ട് അഞ്ച് മണി മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. വിദ്യാർഥികൾ ഇ മെയിൽ വഴി ലഭിച്ച ക്യു ആർ കോഡ് ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.
ഖത്തർ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസർ അൽമാലികി, കമ്യൂണിറ്റി പൊലീസ് എക്‌സ്റ്റേണൽ ബ്രാഞ്ച് ഒഫീസർ ക്യാപ്റ്റൻ ഹമദ് ഹബിബ് അൽ ഹാജിരി, ഖത്തർ ഫൌണ്ടേഷൻ പ്രതിനിധികളായ അബ്ദുള്ള അൽ മുഹന്നദി, റാഷിദ് അൽ ഖുബൈസി, ഖത്തർ ഹാർട്ട് ഹോസ്പിറ്റൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലമ സുഹ്ദി അബു ഖലീൽ, പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഫിദ ഹമദ്, ഇന്ത്യൻ എംബസി അപെക്‌സ് ബോഡി നേതാക്കൾ, കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ വിദ്യാർഥികളെ ആദരിക്കും.