ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി കലാപ്രദർശനം ഒരുക്കി ഖത്തർ ചാരിറ്റി

മിശൈരിബ് മ്യൂസിയത്തിലാണ് പ്രദർശനം

Update: 2024-10-06 14:24 GMT
Advertising

ദോഹ: ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി കലാപ്രദർശനം ഒരുക്കി ഖത്തർ ചാരിറ്റി. മിശൈരിബ് മ്യൂസിയത്തിലാണ് പ്രദർശനം നടക്കുന്നത്. ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ 'ലോസ്റ്റ് ഇന്നസെൻസ്' എന്ന പേരിൽ നടന്ന പ്രദർശനം ലോകശ്രദ്ധയാകർശിച്ചിരുന്നു.

ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യയിൽ പിടഞ്ഞുവീണ നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ, അവരെ പ്രതീകവത്കരിച്ച് 15000 പാവക്കുഞ്ഞുങ്ങളിലൂടെയാണ് സിറിയൻ കലാകാരനായ ബഷിർ മുഹമ്മദ് ഗസ്സയുടെ വേദന പങ്കുവെക്കുന്നത്. 'ഞാൻ വെറുമൊരു നമ്പർ അല്ല. സ്വന്തമായി വ്യക്തിത്വവും മാതൃരാജ്യവുമുള്ള മനുഷ്യനാണ് ഞാൻ, ഞാനൊരു ഫലസ്തീനിയാണ്, ഫലസ്തീനെ സ്വതന്ത്രമാക്കൂ, ഓരോ പാവക്കുഞ്ഞും വിളിച്ചു പറയുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിൽ ജീവനറ്റവരാണ് ഇവരോരുത്തരും. കൗതുകത്തേക്കാൾ ഈറനണിഞ്ഞ കണ്ണുകളുമായാണ് മിശൈരിബിലെത്തിയ ഓരോരുത്തരും ഈ പാവക്കുഞ്ഞുങ്ങളെ നോക്കി നിന്നത്. മനുഷ്യത്വം മരവിച്ചുപോയ ലോകത്തിന്റെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമമായിരുന്നു ബഷിർ മുഹമ്മദ് നടത്തിയത്.

 

എക്കോ ഓഫ് ലോസ്റ്റ് ഇന്നസൻസ് എന്ന പേരിൽ ഖത്തർ ചാരിറ്റിയുമായി ചേർന്ന് ഗസ്സക്കുള്ള ധനശേഖരണാർത്ഥമായിരുന്നു കലാപ്രദർശനം. മലയാളികൾ അടക്കമുള്ള പ്രവാസികളും സ്വദേശികളുമെല്ലാം ഉദ്യമത്തെ ഏറ്റെടുത്തു.

ഈ പാവകളിൽ കുറച്ചെണ്ണം ഇപ്പോൾ മിശൈരിബ് മ്യൂസിയത്തിലുണ്ട്. ഖത്തർ ചാരിറ്റി നടത്തുന്ന ചിത്രപ്രദർശനത്തിന്റെ ഭാഗമായി ഈ പാവകളും പ്രദർശിപ്പിച്ചിരുന്നു. സ്വദേശികളും വിദേശികളുമായി 52 കലാകാരൻമാരുടെ ഗസ്സയും ഫലസ്തീനും പ്രമേയമായ സൃഷ്ടികളാണ് ഇവിടെയുള്ളത്. കുഞ്ഞുമക്കളുടെ കണ്ണീരൊപ്പാൻ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടും അറബ് സമൂഹത്തോടുമുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ പ്രദർശനങ്ങൾ. ഗസ്സയിൽ ഇനിയും നിരപരാധികളായ കുരുന്നുകൾ പിടഞ്ഞുവീഴരുത്. ഈ കൂട്ടക്കുരുതിക്ക് അന്ത്യം കാണണമെന്ന ഓർമപ്പെടുത്തൽ.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News