ഹോം ബിസിനസ് ശിൽപശാല സംഘടിപ്പിച്ച് ഖത്തർ
ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യമായ സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള ശ്രദ്ധേയ പദ്ധതികളിലൊന്നാണ് ഹോം ബിസിനസ്
ദോഹ: ഹോം ബിസിനസുമായി ബന്ധപ്പെട്ട് ശിൽപശാല സംഘടിപ്പിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. ലൈസൻസ് നേടുന്നത് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനാണ് പ്രത്യേക ശിൽപശാല സംഘടിപ്പിച്ചത്. സാമൂഹിക വികസന കേന്ദ്രമായ 'നാമ'യുമായി സഹകരിച്ചാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചത്.
എങ്ങനെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ സ്ഥാപിക്കാം, ഹോം ബിസിനസ് ലൈസൻസ് നേടാനുള്ള പ്രക്രിയകൾ തുടങ്ങിയവയിൽ പരിശീലനം നൽകി. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യമായ സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള ശ്രദ്ധേയ പദ്ധതികളിലൊന്നാണ് ഹോം ബിസിനസ്. സ്വയം സംരംഭത്തിന്റെ നേട്ടങ്ങൾ, വെല്ലുവിളികൾ, എങ്ങനെ സംരംഭം വികസിപ്പിച്ച് ബിസിനസ് പിടിക്കാം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
നിലവിൽ വിവിധ മേഖലകളിലായി 63 വിഭാഗം ഹോം ബിസിനസുകളാണ് വാണിജ്യ മന്ത്രാലയം അനുവദിച്ചത്. ആദ്യഘട്ടത്തിൽ പദ്ധതിക്ക് കീഴിൽ 15 ഇനങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസമാണ് 48 വിഭാഗങ്ങളെകൂടി ഉൾപ്പെടുത്തി 63 ആക്കി വർധിപ്പിച്ചത്.