സമാധാന ഡിപ്ലോമസിയുടെ ഖത്തരി വിജയഗാഥ

വലുപ്പത്തിലൂടെയല്ല ഡിപ്ലോമസിയിലൂടെയാണ് ഖത്തര്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്

Update: 2021-06-17 15:12 GMT
Advertising

യുദ്ധങ്ങള്‍, അധിനിവേശങ്ങള്‍ എന്നിവയിലൂടെയും അംബര ചുംബികളായ കെട്ടിടങ്ങള്‍ പണിതും ചില രാഷ്ട്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഖത്തര്‍. വലുപ്പം കൊണ്ട് ലോക രാജ്യങ്ങളില്‍ 158ാം സ്ഥാനത്താണ് ഖത്തര്‍. നമ്മുടെ കേരളത്തിനുണ്ട് ഖത്തറിനേക്കാള്‍ രണ്ടിരട്ടിയിലേറെ വലുപ്പം!!

പക്ഷേ, വലുപ്പത്തിലൂടെയല്ല ഡിപ്ലോമസിയിലൂടെയാണ് ഖത്തര്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 2001 നവംബറില്‍ ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.റ്റി.ഒ) നാലാമത് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സിന് വേദിയൊരുക്കിയാണ് കൊച്ചു ഖത്തര്‍ രാഷ്്ട്രാന്തരീയ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. അക്കാലത്ത് ഇന്റര്‍നെറ്റ് സെര്‍ച്ചുകളില്‍ ഇടംപിടിച്ച 'ദോഹ റൗണ്ട് ചര്‍ച്ചകള്‍' ലോകത്തിന് കൗതുകമായിരുന്നു. പിന്നീട് 2006 ഡിസംബറില്‍ ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളി ഖത്തര്‍ അന്താരാഷ് ട്ര രംഗത്ത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. ഏഷ്യന്‍ ഗെയിംസിന് വേദിയൊരുക്കിയ ആദ്യ അറബ് രാജ്യം, ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഏക രാജ്യം, ഇറാന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ മുസ്ലിം രാജ്യം തുടങ്ങിയ ബഹുമതികളാണ് അന്ന് ഖ്ത്തര്‍ വാരിക്കൂട്ടിയത്. അടുത്ത വര്‍ഷം ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുന്നതോടെ ലോകകപ്പിന് വേദിയൊരുക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമെന്ന പദവിയും തനിച്ച് ലോക കപ്പിന ആതിഥ്യമരുളുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന സ്ഥാനവും (2002ല്‍ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോക കപ്പ് നടത്തിയത്) ഖത്തറിനു മാത്രം സ്വന്തമാവുകയാണ്.

ഖത്തറിന്റെ വിദേശ നയം താഴെ പറയുന്ന തത്വങ്ങളില്‍ ഊന്നിയുള്ളതാണ്: രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും പരിരക്ഷിക്കുക, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ സ്വത്വം സംരക്ഷിക്കുക, അന്താരാഷ്ട്ര ഉടമ്പടികളെയും കണ്‍വെന്‍ഷനുകളെയും മാനിക്കുക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വേണ്ടി പ്രവര്‍ത്തിക്കുക, പൊതു, സ്വകാര്യ സ്വാതന്ത്ര്യങ്ങളെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക.

1971 സെപ്റ്റംബര്‍ മൂന്നിന് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മൂന്നു പതിറ്റാണ്ടോളം കാലം സാര്‍വ്വദേശിയ വിഷയങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ ഖത്തറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ 1995നുശേഷം, ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അമീറായി സ്ഥാനമേറ്റശേഷം ഈ നിലപാടില്‍ വലിയ മാറ്റമുണ്ടായി. അറബ്, ഇസ്ലാമിക രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും അത് അന്തര്‍ദേശീയ ഫോറങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്ത ഖത്തര്‍ മേഖലയില്‍ സമാധാനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കു വഹിക്കുകയുണ്ടായി.

2008 മുതല്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലും നന്നെച്ചുരുങ്ങിയത് പത്ത് പ്രശ്‌നങ്ങളിലെങ്കിലും ഖത്തര്‍ ക്രിയാത്മകമായി ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനുള്ള നീക്കങ്ങള്‍ നടത്തിയതായി കാണാം. ഏറ്റവുമൊടുവില്‍ ഗസ്സക്കെതിരെ സയണിസ്റ്റ് സൈന്യം നടത്തിയ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഈജിപ്തിനോടൊപ്പം ചുക്കാന്‍ പിടിച്ചത് ഖത്തറാണ്. അതിനു തൊട്ടുമുമ്പാണ് സോമാലിയയും കെനിയയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഇരു രാജ്യങ്ങളെയും ഖത്തര്‍ വിളക്കിച്ചേര്‍ത്തത്.

ലെബനാനെ 18 മാസത്തോളം പ്രതിസന്ധിയിലാക്കിയ 2008ലെ രാഷ്ട്രീയ വടംവലി അവസാനിപ്പിച്ചത് ഖത്തറിന്റെ മാധ്യസ്ഥതയിലായിരുന്നു. വിവിധ ഗ്രൂ്പ്പുകളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ദോഹ കരാര്‍ രൂപപ്പെടുകയായിരുന്നു. 2009ല്‍ സുഡാനും ഛാഡും തമ്മിലും 2010ല്‍ ജിബൂട്ടിയും എരിത്രിയയും തമ്മിലും 2011ല്‍ സുഡാനും എരിത്രിയയും തമ്മിലുമുള്ള തര്‍ക്കങ്ങള്‍ സമാനമായ കരാറുകളിലൂടെ ഖത്തര്‍ വിജയമായി പരിഹരിച്ചു.

എടുത്തുപറയേണ്ട മറ്റൊരു കരാര്‍ ദാര്‍ഫൂര്‍ വിഷയത്തിലാണുണ്ടായത്. 2008 മുതല്‍ 2013 വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ദോഹ ആതിഥ്യമരുളിയ സമാധാന സമ്മേളനം പ്രശ്‌നത്തില്‍ വഴിത്തിരിവായി. ലിബിയയിലെ തെബു, തൗറഗ് ഗോത്രങ്ങള്‍ തമ്മിലുള്ള രക്തച്ചൊരിച്ചിലിന് അവസാനം കുറിച്ചതും 2015ല്‍ ഖത്തറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

ഫലസ്ത്വീന്‍ സംഘടനകളായ ഹമാസും ഫതഹും തമ്മിലുള്ള തര്‍ക്കങ്ങളിലും ഖത്തര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയുണ്ടായി. 2012ല്‍ ഇരുപക്ഷവും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍, ഫലസ്ത്വീന്‍ അതോറിറ്റി, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാത്തതിനാല്‍ അനുരഞ്ജന നീക്കങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ല. ഫത്ഹ് നേതൃത്വം, വിശിഷ്യാ പ്രസിഡന്റ് മഹ് മൂദ് അബ്ബാസ് ഈ വിഷയത്തില്‍ ഉദാസീന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഏറ്റവുമൊടുവില്‍ തുര്‍ക്കിയിലും ഈജിപ്തിലും നടന്ന ഹമാസ്-ഫതഹ് ചര്‍ച്ചകളില്‍ ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടും കിഴക്കന്‍ ജറൂസലമില്‍ തെരഞ്ഞെടുപ്പിന് ഇസ്രായില്‍ എതിരുനില്‍ക്കുന്നുവെന്ന മുടന്തന്‍ ന്യായം പറഞ്ഞ് വോട്ടെടുപ്പ് നീട്ടിവെക്കുകയാണ് അബ്ബാസ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ ഹമാസ് നേട്ടം കൊയ്യുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അബ്ബാസിന്റെ നടപടിയെന്ന പറയപ്പെടുന്നു. 

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനി

ഹമാസ് ഭരിക്കുന്ന ഗസ്സയെ ഫലസ്ത്വീന്‍ അതോറിറ്റിയും ഇസ്രായിലും അന്താരാഷ് ട്ര സമൂഹവും 2007 മുതല്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഖത്തറിന്റെ ഇടപെടല്‍ ഉണ്ടായി. ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിനെ ഇസ്രായിലും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ചില അറബ് രാജ്യങ്ങളും ഭീകരപട്ടം ചാര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഒഴുക്കിനനുസരിച്ച് നീന്താനല്ല ഖത്തര്‍ ശ്രമിച്ചത്്. ഫലസ്ത്വീനിന്റെ മോചനത്തിനുവേണ്ടി പരിശ്രമിക്കുന്ന വിമോചന സംഘടനയാണ് ഹമാസെന്ന് പറയാന്‍ ഖത്തര്‍ മടികാട്ടിയില്ലെന്നു മാത്രമല്ല, സംഘടനയുടെ ഉന്നത നേതാക്കള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചില സഹോദര രാജ്യങ്ങള്‍ തയ്യാറായപ്പോഴും കിഴക്കന്‍ ജറൂസലം (ഖുദ്‌സ്) ആസ്ഥാനമായി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകുന്നതുവരെ ഇസ്രായിലുമായി ബാന്ധവമുണ്ടാകില്ലെന്ന് പരസ്യമായ നിലപാടെടുക്കുകയായിരുന്നു ഖത്തര്‍.

ഒരു രാഷ്ട്രം പോലുമല്ലാത്ത ഗസ്സയില്‍ സ്വന്തമായി 'അംബാസഡറെ'യും അയച്ചു ഖത്തര്‍. 2007നും 2014നുമിടയില്‍ സയണിസ്റ്റ് സേന നടത്തിയ നാലു ഭീകരാക്രമണങ്ങളില്‍ തകര്‍ന്ന ഗസ്സയെ പുനരുജ്ജീവിപ്പിക്കാനും അവിടത്തെ ജനതക്ക് ആശ്വാസമരുളാനുള്ള പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമാണ് മുഹമ്മദ് അല്‍ ഇമാദിയെ ഖത്തര്‍ അവിടെ നിയമിച്ചത്. ഇസ്രായിലിന്റെ അഞ്ചാമത്തെ ആക്രമണം ഗസ്സയെ വീണ്ടും നിലംപരിശാക്കിയപ്പോള്‍ ഖത്തറിന്റെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ് ചെയ്തത്.

മുസ്ലിം ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപൂര്‍ണമായ പരിഹാരത്തിനാണ് ഖത്തര്‍ എന്നും ശ്രമിച്ചത്. യെമനിലും ലിബിയയിലും സിറിയയിലും മാത്രമല്ല, അറബ് ലോകത്തിനു പുറത്ത് അഫ്ഗാനിസ്ഥാനിലും സമാധാനം പു:നസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. നീതിപൂര്‍വ്വകവും യു.എന്‍ പ്രമേയങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമുള്ള ഖത്തറിന്റെ ശ്രമങ്ങളെ തുരങ്കം വെക്കുന്ന നിലപാടിലേക്ക് മറ്റു പാര്‍ട്ടികള്‍ നീങ്ങിയതാണ് ഇത്തരം നീക്കങ്ങള്‍ ചിലതെങ്കിലും ഫലപ്രാപ്തിയില്‍ എത്താതിരിക്കാന്‍ കാരണം.

യെമനില്‍ അറബ് സഖ്യത്തോടൊപ്പമായിരുന്നു ഖത്തര്‍. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അവിടെ ക്രിയാത്മകമായി ഇടപെട്ട് സമാധാന ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ പരിമിതിയുണ്ടായി. ലിബിയയില്‍ യു.എന്‍ അംഗീകൃത ഗവണ്‍മെന്റിനോടൊപ്പമായിരുന്നു ഖത്തര്‍. അവിടെയും ചില രാജ്യങ്ങള്‍ അക്രമിയും യുദ്ധപ്രഭുവുമായ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള വിരുദ്ധ പക്ഷത്താണ് നിലയുറപ്പിച്ചത്. സിറിയയില്‍ അക്രമിയും യുദ്ധക്കുറ്റവാളിയുമായ ബശ്ശാറുല്‍ അസദ് അധികാരമൊഴിയുകയും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നവിധം സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കണമെന്നുമുള്ള ഉറച്ച നിലപാടാണ് ഖത്തറിന്റേത്. മേഖലയിലെ മറ്റു പല രാജ്യങ്ങളും അസദുമായി ചങ്ങാത്തം തുടര്‍ന്നപ്പോഴും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ താലിബാനെക്കൂടി വിശ്വാസത്തിലെടുത്തുള്ള സമാധാന ചര്‍ച്ചകളാണ് നടക്കേണ്ടതെന്ന ഖത്തറിന്റെ നിലപാടിലേക്ക് അമേരിക്കയും അഫ്ഗാന്‍ സര്‍ക്കാറും എത്തിയതിന്റെ പരിണത ഫലമാണ് 2020 സെപ്റ്റംബറില്‍ ദോഹ ആതിഥ്യമരുളിയ സമാധാന ചര്‍ച്ചകള്‍. അഫ്ഗാന്‍ മണ്ണില്‍ അമേരിക്ക അധിനിവേശം നടത്തി 19 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരു പാര്‍ട്ടികളും മുഖാമുഖം കാണുന്നത്. താലിബാന്റെ മുതിര്‍ന്ന നേതാക്കളും അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുത്ത സമാധാന ചര്‍ച്ചകള്‍ ഇതിനകം മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഖത്തറിന്റെ സമാധാന ഡിപ്ലോമസിയും അല്‍ ജസീറ ചാനലും തമ്മില്‍ നേര്‍ക്കുനേരെ ബന്ധമൊന്നുമില്ല. എന്നാല്‍, അല്‍ ജസീറയുട പ്രയാണം ഖത്തറിന്റെ അന്താരാഷ്ട്ര ഡിപ്ലോമസിക്ക് പാലമായി വര്‍ത്തിക്കുന്നുണ്ട്. സൗദി അറേബ്യയുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ബി.ബി.സിയുടെ അറബിക് ചാനല്‍ 1996 ഏപ്രിലില്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്നുണ്ടായ ശൂന്യതക്കു പരിഹാരമായാണ് അതേവര്‍ഷം ഖത്തര്‍ അല്‍ ജസീറ അറബിക് ചാനല്‍ ആരംഭിക്കുന്നത്. 2008ല്‍ ബി.ബി.സി അറബിക് ചാനല്‍ റീലോഞ്ച് ചെയ്യുമ്പോഴേക്ക്് അല്‍ ജസീറ ഈ രംഗത്ത് വ്യക്തമായ മേധാവിത്തം നിലനിര്‍ത്തിയിരുന്നു. ബി.ബി.സിയുടെ പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ആരംഭിച്ച അല്‍ ജസീറ അറബ്-മുസ്ലിം ലോകത്തേക്ക് തുറന്നുവെച്ച കണ്ണാടിയായിരുന്നു. പത്തു വര്‍ഷത്തിനുശേഷം 2006ല്‍ അല്‍ ജസീറ ഇംഗ്ലീഷും ആരംഭിച്ചതോടെ മേഖലയിലെ മാധ്യമ രംഗത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാജ്യമായി ഖത്തര്‍ മാറി. ഇതേ കാലത്തു തന്നെയാണ് രാഷ്ട്രാന്തരീയ രംഗത്തെ തര്‍ക്ക മേഖലകളില്‍ സജീവമായി ഇടപെടാനും രമ്യമായ പരിഹാരം കണ്ടെത്താനും ഖത്തറിന് കഴിഞ്ഞത്.

(ദി പെനിന്‍സുല ദിനപത്രത്തിലെ സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

Tags:    

Editor - abs

contributor

By - പി.കെ നിയാസ്

contributor

Similar News