Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
പൈതൃകപച്ചപ്പുകളുടെ സംരക്ഷണം നമ്മുടെ കര്‍ത്തവ്യമാണ് എന്ന പ്രമേയത്തിലൂന്നിയാണ് ഖത്തര്‍ ഇത്തവണത്തെ ദേശീയ ദിനം കൊണ്ടാടുന്നത്. പരിസ്ഥിതി സംരക്ഷണവും സാംസ്കാരിക കൈമാറ്റവും പ്രമേയങ്ങളാകുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഇത്തവണ വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലായി രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലായി സംഘടിപ്പിക്കുക. അല്‍ വക്ര ഓള്‍ഡ് സൂഖ്, ആസ്പയര്‍ പാര്‍ക്ക്, അല്‍ റാമി സ്പോര്‍ട്സ് ക്ലബ്, ഖത്തര്‍ ഫൌണ്ടേഷന്‍ എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. എല്ലായിടങ്ങളിലും സ്വദേശികള്‍ക്കൊപ്പം പ്രവാസികള‍്ക്കും പരിപാടികളില്‍ പങ്കെടുക്കാം. ഖത്തര്‍ പതാകകളും ദേശീയത പ്രതിഫലിപ്പിക്കുന്ന ദൃശ്യവിന്യാസങ്ങളുമായി അലങ്കരിച്ച വാഹനങ്ങള്‍ എല്ലാ നഗരികളിലും പ്രധാന ആകര്‍ഷണമാകും.
ഖത്തറിന്‍റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ തരത്തിലുള്ള വിനോദങ്ങളും കുട്ടികള്‍ക്കായുള്ള ഗെയിമുകളും ഡിസംബര്‍ 14 മുതല് 18 വരെ അല്‍ വക്ര സൂഖില്‍ നടക്കും. പഴയ പായക്കപ്പലുകള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും നടക്കും. ഖത്തരി ചിത്രകാരന്മാരുടെ പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ചിത്രപ്രദര്‍ശനവും ദിനേന സമ്മാനങ്ങളുള്ള റൈഡിങ് മത്സരങ്ങളും വക്ര സൂഖിലെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരേഡാണ് മറ്റൊരു പ്രധാന ഇനം. ഡിസംബര്‍ 12, 13 ദിവസങ്ങളിലായി ഖത്തര്‍ ഫൌണ്ടേഷനിലും 14 മുതല്‍ 18 വരെ ആസ്പയര്‍ പാര്‍ക്കിലും അല്‍ വക്ര സൂഖിലുമായി തെരഞ്ഞെടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന മനോഹരമാര്‍ന്ന പരേഡ് നടക്കും. ആസ്പയര്‍ പാര്‍ക്കില്‍ അല്‍ മുഖത്തര്‍ എന്ന പേരില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഖത്തറിന്‍റെ സംസ്കാരവും പാരമ്പര്യവും മറ്റ് സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. അല്‍ റാമി സ്പോര്‍ട്സ് ക്ലബില്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്, ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ചുള്ള പരിപാടികള്‍ തുടങ്ങിയവയും നടക്കും.