Editor - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ്, അറബ് മേഖലയുടെ ആദ്യ ലോകകപ്പ്, 32 ടീമുകളുള്ള ഫോര്‍മാറ്റില്‍ നടക്കുന്ന അവസാന ലോകകപ്പ്. അങ്ങനെയങ്ങനെ ഒട്ടേറെ സവിശേഷതകളാല്‍ ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങുന്ന ലോകകപ്പാണ് ഖത്തര്‍ 2022. ഈ പ്രത്യേകതകളിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ഖത്തര്‍. അതാവട്ടെ, ടൂര്‍ണമെന്‍റ് എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ കളിയാരാധകര്‍ക്കുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഖത്തറിന്‍റെ മറുപടി കൂടിയാണ്. കോവിഡ് കാലത്തെ ലോകകപ്പിനെ വാക്സിന്‍ വെച്ച് തന്നെ നേരിടാനാണ് ഖത്തറിന്‍റെ പദ്ധതിയെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്റ്റേഡിയത്തിലേക്കും ഗാലറിയിലേക്കും വൈറസിനെ കടത്തിവിടാതിരിക്കാനാവശ്യമായ പഴുതടച്ച പ്രതിരോധമാര്‍ഗങ്ങളാണ് രാജ്യം ആവിഷ്കരിക്കുന്നത്. ഒരു മില്യണ്‍ കോവിഡ് പ്രതിരോധ വാക്സിനാണ് ലോകകപ്പ് കാണികള്‍ക്കായി ഖത്തര്‍ തയ്യാറാക്കുന്നത്. അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം രാജ്യങ്ങളില്‍ നിന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ ഖത്തറിലേക്കെത്തുന്ന കാണികള്‍ക്കാണ് ഇവിടെ വെച്ച് വാക്സിന്‍ സൌജന്യമായി നല്‍കുക.
ഒളിമ്പിക്സ് മാറ്റി വെച്ചത് കണക്കിലെടുത്താണ് പലരും ഖത്തര്‍ ലോകകപ്പിന്‍റെ കാര്യത്തിലും ആശങ്കപ്പെട്ടത്. എന്നാല്‍ കാണികളെ വെച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യൂറോ കപ്പ് ഖത്തറിനും ഫിഫയ്ക്കും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ദോഹയില്‍ തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അറബ് കപ്പ് യോഗ്യതാ റൌണ്ടും ഏറ്റവും ഒടുവിലായി പൂര്‍ത്തിയായ ലോകകപ്പ് യോഗ്യതാ റൌണ്ടും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കാണികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടാണ് നടത്തുന്നത്. ലോകത്ത് നിലവില്‍ ലഭ്യമായ ഏറ്റവും മുന്തിയതും ഫലപ്രാപ്തിയുള്ളതുമായ വാക്സിനാണ് ഖത്തര്‍ നിലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനാല‍് തന്നെ കോവിഡിന്‍റെ രണ്ടാം തരംഗത്തെ വേഗത്തിലും കാര്യക്ഷമമായും മറികടക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ലോകാരോഗ്യസംഘടന തന്നെ പലവട്ടം അഭിനന്ദിച്ച ഖത്തറിന്‍റെ ആരോഗ്യപരിചരണ സംവിധാനം ലോകകപ്പിന്‍റെ സംഘാടനത്തിനും ഫിഫയ്ക്ക് വലിയ ധൈര്യം പകരുന്നു.
കോവിഡ് വൈറസ് പ്രതിബന്ധങ്ങള്‍ തീര‍്ത്ത പ്രതിസന്ധിക്കാലത്തും ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതും ഖത്തറിന്‍റെ അപാരമായ ആത്മവിശ്വാസത്തിന്‍റെ വിജയം കൂടിയാണ്. 90 ശതമാനം ഒരുക്കങ്ങളും പൂര‍്ത്തിയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയെകൊണ്ട് പറയിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്. മഹാമാമാങ്കത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലും പഴുതുകളടക്കാനുള്ള അവസരമെന്ന നിലയിലുമാണ് ഫിഫ ഇക്കൊല്ലം അവസാനം ഖത്തറില്‍ വെച്ച് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കുന്നത്. മുഴുവന്‍ അറബ് രാജ്യങ്ങളും ദോഹയില്‍ പന്തുതട്ടാനെത്തുമ്പോള്‍ സ്വാഭാവികമായും കാണികളും ഒഴുകേണ്ടതാണ്. എന്നാല്‍ അറബ് കപ്പിലേക്ക് കാണികളുടെ പ്രവേശനം ഏത് രീതിയിലായിരിക്കുമെന്ന് ഖത്തറും ഫിഫയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എല്ലാറ്റിനുമപ്പുറം ഒന്നരകൊല്ലം ഇനിയും ലോകകപ്പിന് ബാക്കിയുണ്ട്. അപ്പോഴേക്കും സാഹചര്യങ്ങളെല്ലാം മാറുമെന്ന പ്രത്യാശയിലും കണക്കുകൂട്ടലിലും കൂടിയാണ് ഖത്തറും ഫിഫയും പിന്നെ കായിക ലോകവും.