ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി
39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർദാൻ വഴി അതിർത്തി കടന്ന് ഗസ്സയിൽ എത്തിയത്
ദോഹ:ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യ വസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർദാൻ വഴി അതിർത്തി കടന്ന് ഗസ്സയിൽ എത്തിയത്. 21,500 ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള സഹായമാണ് ഖത്തർ ഗസ്സയിലേക്ക് എത്തിച്ചത്. ഒരു കുടുംബത്തിന് ഒരു മാസത്തിലേറെകാലം കഴിയാനുള്ള വസ്തുക്കൾ കിറ്റിലുണ്ട്.
ഗസ്സയിലേക്ക് ഇസ്രായേൽ സേന ആക്രമണം തുടങ്ങിയതിന് പിന്നാലെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ ദൗത്യവും. ഒരു ലക്ഷത്തോളം പേർക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഇത്തവണ എത്തിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു.
യുദ്ധം ആരംഭിച്ചതിനു ശേഷം, ജോർദാനിലെ ഖത്തർ ചാരിറ്റി ഓഫീസ് വഴി 40,000ത്തോളം ഭക്ഷ്യ കിറ്റുകൾ, 15 ടൺ മരുന്നും ആശുപത്രി ഉപകരണങ്ങൾ എന്നിവ ഗസ്സയിലെത്തിച്ചിട്ടുണ്ട്. നേരത്തെ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയും ഖത്തർ സഹായങ്ങൾ എത്തിച്ചിരുന്നു.