ലോകകപ്പിലെ ഓഫ്സൈഡ് സാങ്കേതിക വിദ്യ ഏഷ്യൻ കപ്പിലും
ഗാലറിയിൽ സ്ഥാപിച്ച 12 കാമറകൾ വഴിയാണ് ഓഫ്സൈഡ് സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്.
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ വിജയകരമായി പ്രയോജനപ്പെടുത്തിയ ഓഫ്സൈഡ് സാങ്കേതിക വിദ്യ ഏഷ്യൻ കപ്പിലും ഉപയോഗിക്കും. ഇതാദ്യമായാണ് ഏഷ്യൻ ഫുട്ബോളിൽ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതിക വിദ്യയെത്തുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഏഷ്യൻ കപ്പിലെ മുഴുവൻ മത്സരങ്ങളിലും കളി നിയന്ത്രിക്കുന്നതില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി നിര്‍ണായക പങ്കുവഹിക്കും.
ഫിഫ തലത്തിലുള്ള മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ ഓഫ്സൈഡ് സാങ്കേതിക വിദ്യ ആദ്യമായാണ് കോൺഫെഡറേഷൻ തലത്തിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നത്. സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ നടപ്പാക്കുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഏഷ്യൻ മാച്ച് റഫറിയിങ്ങും മാറുകയാണെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
ഗാലറിയിൽ സ്ഥാപിച്ച 12 കാമറകൾ വഴിയാണ് ഓഫ്സൈഡ് സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. ഈ കാമറകള്‍ കളിക്കാരന്റെ ശരീരത്തിലെ 29 പോയിന്‍റുകൾ ട്രാക്ക് ചെയ്യും. പന്തിന്റെയും കളിക്കാരുടേയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് പന്തിലെ സെന്‍സറിന്റെ കൂടി സഹായത്തോടെ വി.എ.ആര്‍ റൂമിലേക്ക് ഞൊടിയിടയില്‍ വിവരങ്ങള്‍ എത്തിക്കും. റഫറിമാര്‍ക്ക് ഏറെ തലവേദനയുണ്ടാക്കുന്ന ഓഫ്സൈഡ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കൂടിയാണ് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതിക വിദ്യ.