44ാമത് ജി.സി.സി ഉച്ചകോടി ദോഹയിൽ; പ്രതീക്ഷയോടെ അറബ് സമൂഹം
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ നടക്കുന്ന ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് അറബ് സമൂഹം ഉറ്റുനോക്കുന്നത്.
ദോഹ: 44ാമത് ജി.സി.സി ഉച്ചകോടി നാളെ ദോഹയില്‍ നടക്കും. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ നടക്കുന്ന ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് അറബ് സമൂഹം ഉറ്റുനോക്കുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.
മേഖലയിലാകെ അശാന്തി പടർത്തി രണ്ടാം മാസത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനിടെയാണ് ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ യോഗം നടക്കുന്നത്.
ഗസ്സയിലെ സങ്കീര്‍ണ സാഹചര്യങ്ങളും കൂടുതല്‍ സഹായമെത്തിക്കുന്നതും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഗൾഫ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രധാനമായും ഗസ്സയിലെ ഇസ്രായേൽ യുദ്ധകുറ്റകൃത്യങ്ങളിലെ അന്താരാഷ്ട്ര അന്വേഷണത്തിനായിരുന്നു ആവശ്യമുയർന്നത്.
ഗസ്സ വിഷയങ്ങൾക്കു പുറമെ, ജി.സി.സി സംയോജിത വൈദ്യുത പദ്ധതി, ഏകീകൃത ജി.സി.സി സന്ദർശക വിസ, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ഗതാഗതം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലും ചര്‍ച്ച നടക്കും . ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉച്ചകോടിക്ക് ദോഹ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലാണ് വേദി.