ഖത്തർ മന്ത്രിസഭ പുനഃസ്സംഘടിപ്പിച്ചു
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാണിജ്യ വ്യവസായം തുടങ്ങി സുപ്രധാന വകുപ്പുകളിലാണ് അഴിച്ചുപണി നടത്തിയത്
ദോഹ: ഖത്തർ മന്ത്രിസഭ പുനഃസ്സംഘടിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാണിജ്യ വ്യവസായം തുടങ്ങി സുപ്രധാന വകുപ്പുകളിലാണ് അഴിച്ചുപണി നടത്തിയത്. പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിലവിലെ അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയെ നിയമിച്ചു.
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി പദവി വഹിച്ചിരുന്ന ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് പുതിയ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി. പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ മാറ്റി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ആയ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്‌മൂദിന് ചുമതല നൽകി.
ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ ആൽതാനിയാണ് വാണിജ്യ-വ്യവസായ മന്ത്രി, ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിക്കാണ് ഗതാഗത വകുപ്പിന്റെ ചുമതല, അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് മന്ത്രിസഭാ പുനസ്സംഘടന സംബന്ധിച്ച് ഉത്തരവിറക്കിയത്. പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.