ഖത്തറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം 14ന് തുടങ്ങും
40 ഖത്തർ റിയാൽ മുതലാണ് ഈ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക്
ദോഹ: ഖത്തറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം 14ന് തുടങ്ങും. റയൽ മാഡ്രിഡ് കളിക്കുന്ന ഫൈനൽ പോരാട്ടത്തിന് 200 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, ആഫ്രിക്കയിൽ നിന്നും അൽഅഹ്ലി. കോൺകകാഫിൽ നിന്നും സിഎഫ് പാച്ചുക, ലാറ്റിനമേരിക്കയിൽ നിന്ന് കോപ്പ റിബർട്ടഡോറസ് ചാമ്പ്യൻ എന്നിവരാണ് ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ മാറ്റുരയ്ക്കാൻ ഖത്തറിലെത്തുന്നത്.
ഡിസംബർ 11 നടക്കുന്ന അമേരിക്കൻ ഡെർബിയും 14ന് നടക്കുന്ന ഫിഫ ചലഞ്ചർ കപ്പും 974 സ്റ്റേഡിയത്തിൽ നടക്കും. 40 ഖത്തർ റിയാൽ മുതലാണ് ഈ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക്. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഇന്റർ കോണ്ടിനെന്റ് കപ്പ് ഫൈനൽ, റയൽ മാഡ്രിഡും ചലഞ്ചർ കപ്പിലെ വിജയികളുമാണ് ഏറ്റുമുട്ടുക. 200 റിയാൽ മുതലാണ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക്.
വിസ കാർഡ് ഉടമകൾക്ക്ഈ മാസം 14 മുതൽ ടിക്കറ്റ് ലഭ്യമാകും. മറ്റുള്ളവർക്ക് 21 മുതൽ ടിക്കറ്റ് സ്വന്തമാക്കാം. ഫിഫ ടിക്കറ്റിങ് പ്ലാറ്റ്‌ഫോം വഴിമാത്രമാണ് ടിക്കറ്റ് വിൽപ്പന. ബ്രസീലിന്റെ യുവതാരം വിനീഷ്യസ്, ജൂനിയറും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും ബൂട്ട് കെട്ടുന്ന റയൽ മാഡ്രിഡിന്റെ കളി കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ആരാധകർക്ക് ഉൾപ്പെടെ ആവേശം പകരും. രണ്ട് വർഷം മുമ്പ് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് എംബാപ്പെ ലോകകിരീടം മെസ്സിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. അതേ ലുസൈലിലേക്ക് എംബാപ്പെ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.