ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കോഓപ്പറേഷൻ ഉച്ചകോടി നാളെ തുടക്കമാകും
ഇന്ത്യയടക്കം 35 രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കോഓപ്പറേഷൻ ഉച്ചകോടി ഖത്തർ അമീർ നാളെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയടക്കം 35 രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ സഹകരണം ഉറപ്പാക്കുന്നതിനായി 2002 ലാണ് ഏഷ്യൻ കോ ഓപ്പറേഷൻ ഉച്ചകോടിക്ക് തുടക്കം കുറിക്കുന്നത്. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന എ.സി.ഡി ഉച്ചകോടിയുടെ മൂന്നാമത് പതിപ്പാണ് ഖത്തറിൽ നടക്കുന്നത്.
കഴിഞ്ഞ എട്ടുവർഷമായി എ.സി.ഡി നടന്നിരുന്നില്ല. വിവിധ രാഷ്ട്രത്തലവന്മാർ, വിദേശകാര്യ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതിനിധികളാണ് ഏഷ്യൻ രാജ്യങ്ങളുടെ സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. ഇറാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രത്തലവൻമാർ ഇതിനോടകം ഖത്തറിലെത്തിയിട്ടുണ്ട്.
'കായിക നയതന്ത്രം' എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങ് പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി നടന്ന ബിസിനസ് ഫോറത്തിൽ അദ്ദേഹം പങ്കെടുത്തു.