ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു
ജൂണിൽ മാത്രം ഒന്നര ലക്ഷത്തോളം പേരാണ് ഖത്തറിലെത്തിയത്
ഖത്തറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ ജൂണിൽ മാത്രം ഒന്നരലക്ഷത്തോളം പേരാണ് ഖത്തറിലെത്തിയത്. ഖത്തർ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ പകുതിയിൽ ഖത്തറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 7.29 ലക്ഷം സഞ്ചാരികളാണ് ഈ കാലയളവിൽ ഖത്തറിലെത്തിയത്.
വിന്റർ ക്രൂസ് സീസണിന്റെ അവസാന നാളുകളായ ജൂണിൽ സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. 1.49 ലക്ഷം പേർ ജൂണിൽ മാത്രം ഖത്തറിലെത്തി. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളിൽ ഏറ്റവും ഉയർന്നതായിരുന്നു ഇത്. ഇവരിയിൽ 34 ശതമാനവും കര-കടൽ മാർഗങ്ങളിലൂടെയാണ് രാജ്യത്ത് പ്രവേശിച്ചത്. വിന്റർ സീസണിൽ ആകെ 34 ആഡംബര കപ്പലുകളാണ് ഖത്തർ തീരത്തെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് പ്രാദേശിക വിപണിയിലും ഉണർവുണ്ടാക്കിയതായി റിപ്പോർട്ട് ചൂണ്ടാകാണിക്കുന്നു.
ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് സൗദി അറേബ്യയിൽ നിന്നായിരുന്നു. 26 ശതമാനം പേർ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനം സന്ദർശകരാണ് ജൂണിൽ ഇന്ത്യയിൽനിന്ന് രാജ്യത്തെത്തിയത്. ലോകകപ്പ് അടുക്കുന്നതോടെ ടൂറിസം മേഖല കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.