ജിദ്ദ വിമാനത്താവളത്തില്‍ 1.33 കിലോ ഹെറോയിന്‍ പിടികൂടി
സൗദിയിലെ വിവിധ ഇടങ്ങളില്‍ മയക്കുമരുന്ന് വേട്ട
സൗദിയില്‍ വ്യത്യസ്ഥ ഇടങ്ങളില്‍ നിന്നായി നിരവധി പേര്‍ മയക്കുമരുന്നുമായി പിടിയില്‍. ജിദ്ദ വിമാനത്താവളം വഴിയെത്തിയ രണ്ട് യാത്രക്കാരുടെ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോയോളം വരുന്ന ഹെറോയിന്‍ സുരക്ഷാ വിഭാഗം പിടികൂടി. ദമ്മാം, ജസാന്‍, തബൂക്ക്, റിയാദ് ഭാഗങ്ങളില്‍ നിന്നും ലഹരിഗുളികകളുമായി വിദേശികളും സ്വദേശികളും പിടിയിലായി.
സൗദിയില്‍ മയക്കുമരുന്നിനെതിരായി ആരംഭിച്ച പരിശോധന അതിശക്തമായി തുടരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് കേസില്‍ നിരവധി പേര്‍ പടിയിലായി. ജിദ്ദ വിമാനത്താവളം വഴി സൗദിയിലേക്കെത്തിയ രണ്ട് പേരുടെ വയറ്റില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 1.33 കിലോ വരുന്ന ഹെറോയിന്‍ സക്കാത്ത് ടാക്‌സ് ആന്റ് കസ്ംറ്റംസ് അതോറിറ്റി പിടിച്ചെടുത്തു.
ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചാണ് വേട്ട. ജസാനിലെ അല്‍ ദൈര്‍ ഗവര്‍ണറേറ്റില്‍ നിന്ന് 115 കിലോ ഖാത്ത് ഇലകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ നാല് യെമന്‍ പൗരന്‍മാര്‍ അറിസ്റ്റിലായി. അസീറില്‍ 51000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. തബൂക്കില്‍ ആംഫിറ്റാമിന്‍ ഗുളികകള്‍ വില്‍പ്പന നടത്തിയ സ്വദേശി പൗരനേയും, ഖസീം മേഖലയില്‍ ഹാഷിഷ് വിറ്റതിന് മറ്റൊരു സ്വദേശിയെയും അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ പാക്കിസ്ഥാന്‍ സ്വദേശിയും പിടിയിലായി. റിയാദില്‍ കഞ്ചാവ് വിതരണം ചെയ്ത സ്വദേശിയെയും ദമ്മാമില്‍ മയക്കുമരുന്നുമായി രണ്ട് സ്വദേശികളെയും സുരക്ഷാ വിഭാഗം പിടികൂടി. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.