കുടുംബത്തോടൊപ്പം ഉംറക്കെത്തി പിടിയിലായ ഹൈദരബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
ഹൈദരബാദ് സ്വദേശി ഗൗസംഖാനാണ് ഒരുമാസത്തെ ജയിൽവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്
ദമ്മാം: സൗദിയിൽ കുടുംബത്തോടൊപ്പം ഉംറക്കെത്തി വിമാനത്താവളത്തിൽ പിടിയിലായ ഹൈദരബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസംഖാനാണ് ഒരുമാസത്തെ ജയിൽവാസത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. പ്രവാസിയായിരിക്കെ എട്ട് വർഷം മുമ്പ് സ്പോർൺസർ നൽകിയ കേസിലാണ് ഗൗസംഖാൻ പിടിയിലായത്.
മുൻപ് പ്രവാസിയായിരിക്കെ കേസുകളിലുൾപ്പെട്ടവർ വീണ്ടും സൗദിയിലേക്ക് എത്തുമ്പോൾ പിടിയിലാകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഒരുമാസം മുമ്പ് കുടുംബത്തോടൊപ്പം ഉംറക്കെത്തിയ ഹൈദരബാദ് സ്വദേശി ഗൗസംഖാൻ ഇത്തരത്തിൽ ജിദ്ദ വിമാനത്താവളത്തിൽ പിടിയിലാകുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ദമ്മാം അൽഖോബാറിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് ജയിലിലേക്ക് മാറ്റി.
മുമ്പ് സൗദിയിൽ ജോലി ചെയ്തിരുന്ന ഗൗസംഖാൻ എട്ട് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അന്ന് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്പോൺസറുമായി വാക്കേറ്റം നടന്നിരുന്നു. ഇത് സ്പോൺസർ പിന്നീട് കേസാക്കി മാറ്റിയെന്നാണ് ഇദ്ദേഹം പറയുന്നത്. വിമാനത്താവളത്തിൽ പിടിയിലായ ഗൗസംഖാൻ 28 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചിതനായി. ശേഷം കേസ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കൾ വിമാനടിക്കറ്റ് കൂടി എടുത്ത് നൽകിയതോടെ ഇന്ന് നാട്ടിലേക്ക് മടങ്ങി.