മക്ക-മദീന ഹറമുകളിലേക്ക് പ്രവേശനം ഇനി എളുപ്പം; ഇമ്മ്യൂൺ നില പരിശോധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
മക്കയിലെ ഹറമിൽ നമസ്‌ക്കരിക്കുന്നതിനും ഉംറ ഒഴികെയുള്ള മറ്റ് ആരധനകൾക്കും ഇനി മുതൽ തവക്കൽനാ സ്റ്റാറ്റസ് പരിശോധിക്കില്ല
മക്ക-മദീന ഹറമുകളിലേക്ക് പ്രവേശിക്കാൻ തവക്കൽനാ ആപ്പിൽ സ്റ്റാറ്റസ് ഇമ്മ്യൂണ് ആയിരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും പിൻവലിച്ചിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഉംറക്കും റൗള ശരീഫിൽ നമസ്‌കരിക്കുന്നതിനും ഒഴികെയുള്ള എല്ലാ ആരാധന കർമ്മങ്ങൾക്കും പെർമിറ്റെടുക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ഇരുഹറമുകളിലേക്കും തവക്കൽനാ ആപ്പിലെ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ പ്രവേശനം അനുവദിക്കുമെന്ന് മന്ത്രാലയം അറിയിക്കുന്നത്. മക്കയിലെ ഹറമിൽ നമസ്‌ക്കരിക്കുന്നതിനും ഉംറ ഒഴികെയുള്ള മറ്റ് ആരധനകൾക്കും ഇനി മുതൽ തവക്കൽനാ സ്റ്റാറ്റസ് പരിശോധിക്കില്ല. മദീനയിൽ പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയുവാനും മസ്ജിദു നബവിയിൽ നമസ്‌ക്കരിക്കുവാനും തവക്കൽനയിൽ ഇമ്മ്യൂണാകേണ്ടതില്ല. അതേസമയം റൗള ശരീഫിൽ നമസ്‌കരിക്കുവാൻ പെർമിറ്റെടുക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും.