ഇനിയും എയർ ബബിൾ കരാറായില്ല; സൗദി പ്രവാസികളുടെ ദുരിതം നീളുന്നു
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസയും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യ-സൗദി സെക്ടറിൽ നിലവിലെ യാത്രാതിരക്കും വിമാന നിരക്കും വർധിക്കുവാൻ കാരണമാകും.
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയത് സൗദി പ്രവാസികളെ പ്രതിസന്ധിയിലാക്കും. സൗദിയുമായി ഇന്ത്യക്ക് എയർ ബബിൾ കരാറില്ലാത്തതാണ് യാത്ര പ്രതിസന്ധിക്ക് കാരണം. നിലവിൽ വൻതുക മുടക്കി ചാർട്ടേഡ് വിമാനങ്ങളിലും കണക്ഷൻ വിമാനങ്ങളിലുമാണ് സൗദി പ്രവാസികൾ യാത്ര ചെയ്യുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 1 മുതൽ സൗദി പിൻവലിച്ചിരുന്നു. ഡിസംബർ പകുതിയോടെ ഇന്ത്യയും വിലക്ക് പിൻവലിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ യാത്രാവിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി.
ജനുവരിക്ക് ശേഷം വിലക്ക് തുടരുമോ എന്നതും ഇപ്പോൾ വ്യക്തമല്ല. ഇന്ത്യ ഇതുവരെ സൗദിയുമായി എയർ ബബിൾ കരാറിൽ ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ളത് പോലെയുള്ള വിമാന സർവീസുകൾ നിലവിൽ ഇന്ത്യക്കും സൗദിക്കുമിടയിലില്ല. വൻ തുക മുടക്കി ചാർട്ടേഡ് വിമാനങ്ങളിലും മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലുമാണ് സൗദി പ്രവാസികൾ നിലവിൽ യാത്ര ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസയും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യ-സൗദി സെക്ടറിൽ നിലവിലെ യാത്രാതിരക്കും വിമാന നിരക്കും വർധിക്കുവാൻ കാരണമാകും. ഈ സാഹചര്യത്തിൽ ഇന്ത്യയും യാത്രാവിലക്ക് പിൻവലിച്ച് റെഗുലർ സർവീസുകൾ വേഗത്തിൽ ആരംഭിക്കുകയോ, മറ്റു രാജ്യങ്ങളിലേക്കുള്ളത് പോലെ സൗദിയുമായും എയർ ബബിൾ കരാർ ഉണ്ടാക്കുകയോ വേണം. അല്ലാത്ത പക്ഷം സൗദി പ്രാവസികളുടെ യാത്ര ദുരിതം ഇനിയും അനന്തമായി നീളുവാനാണ് സാധ്യത.